'ആരോഗ്യമേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ധിക്കുന്നു'; വിമര്‍ശനവുമായി ഹൈക്കോടതി

By Web TeamFirst Published Sep 22, 2019, 6:39 PM IST
Highlights

സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പി ഗോപിനാഥൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ആരോഗ്യ മേഖലയിൽ പണത്തോടുള്ള ആർത്തി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. ഡോക്ടർമാർ പണത്തിന് വേണ്ടി സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന സാധരണക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

സർക്കാർ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പി ഗോപിനാഥൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. മറ്റേത് മേഖലയെയും പോലെ പുതിയ കാലത്തിൽ ആരോഗ്യ മേഖലയും പണത്തിന് പിന്നാലെയാണ്. സർക്കാർ ആശുപത്രികളെ തഴഞ്ഞ് ഡോക്ടർമാർ പ്രൈവറ്റ് പ്രാക്ടീസിന് പ്രാധാന്യം നൽകുന്നു. വിദേശത്തോ സ്വകാര്യ മേഖലയിലൊ മാത്രം ജോലി ചെയ്യാൻ ഡോക്ടർമാർ താത്പര്യമെടുക്കുന്നത് ആശങ്കാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡോ. പി ഗോപിനാഥനെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല. എന്നാൽ കൃത്യമായ അന്വേഷണം നടത്താതെ പിരിച്ചുവിടുന്നത് ശരിയായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കൽ അവധിയിലായിരുന്ന ഡോ. പി ഗോപിനാഥൻ അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിച്ചിരുന്നില്ല. അസുഖത്തെ തുടർന്ന് കിടപ്പിലാണെന്നും ആരോഗ്യനില പരിശോധിക്കാൻ വച്ച മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാനാകില്ലെന്നും ഗോപിനാഥൻ അറിയിച്ചിരുന്നു.

എന്നാൽ അതേ കാലയളവിൽ ഇയാൾ അമേരിക്കൻ വിസക്ക് അപേക്ഷിച്ചതും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. അവധി അപേക്ഷയിൽ പറഞ്ഞത് പോലെ ഇയാൾ പൂർണ്ണമായും കിടപ്പിലായിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജി തീർപ്പാക്കിയ ഹൈക്കോടതി ഡോ. പി ഗോപിനാഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

click me!