
കണ്ണൂര്‍: കോളയാട് പഞ്ചായത്തിലെ 'നാത്തൂൻ പോരി'ൽ ആവേശകരമായ മത്സര ഫലം. ഏത് മുന്നണികളേയും മാറിമാറി തുണയ്ക്കുന്ന പഞ്ചായത്തിലെ നാലാം വാർഡായ പാടിപ്പറമ്പിലായിരുന്നു നാത്തൂന്മാരുടെ ഏറ്റുമുട്ടൽ നടന്നത്. ഏറെ കൗതുകം ഉണ്ടാക്കിയ മത്സര ഫലത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ശോഭനയാണ് ഇടതുമുന്നണിക്കായി വിജയിച്ചത്. ശോഭനയ്ക്ക് 500 വോട്ടുകളാണ് ലഭിച്ചത്. മഹിളാ കോൺഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ രൂപയായിരുന്നു ശോഭനയുടെ എതിരാളി സ്ഥാനാര്‍ത്ഥിയായ നാത്തൂൻ. ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 379 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രുതി പയോളങ്ങര 91 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭ 24 വോട്ടും നേടി.
കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശോഭ രാഷ്രട്രീയ രംഗത്ത് സജീവമാകുന്നത്. വ്യാപാര മേഖലയിൽ പ്രവര്‍ത്തിക്കുന്ന ആളാണ് ശോഭനയുടെ ഭർത്താവ് സത്യനാഥൻ. ഇരിട്ടിയിൽ സഹകരണ ബാങ്ക് ജീവനക്കാരി കൂടിയായ രൂപ പേരാവൂർ ബ്ലോക്കിലെ ആലച്ചേരി ഡിവിഷനിൽ 2020ൽ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു. രൂപയുടെ ഭർത്താവ് വിശ്വനാഥൻ കെഎസ്എഫ്ഇയിൽ കലക്‌ഷൻ ഏജന്റാണ്. തെരഞ്ഞെടുപ്പിൽ കുടുംബകാര്യം ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇരു കുടുംബങ്ങളും. ബന്ധങ്ങൾക്ക് വിള്ളലുകളില്ല. രാഷ്ട്രീയവും കുടുംബ ബന്ധങ്ങളും വേറെയെന്ന ഉറച്ച തീരുമാനത്തിലാണ് മത്സരത്തിന് ഇങ്ങിയതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam