
തിരുവനന്തപുരം: പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ദിവസം കേരളം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിത സംഭവങ്ങൾക്ക്. ചിലർക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ല. ചിലരാകട്ടെ കാലുമാറിയപ്പോൾ ചിലരെ ഭാഗ്യവും തുണച്ചു. തിരുവന്തപുരം നാവായിക്കുളം പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും ഗ്രൂപ്പ് പോരിൽ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പഞ്ചായത്തായ പുറമറ്റത്ത് യുഡിഎഫിനെ അട്ടിമറിച്ച് കോൺഗ്രസ് വിമതരായ ദമ്പതികളെ ഒപ്പംനിർത്തി എൽഡിഎഫ് ഭരണം നേടി. എസ്ഡിപിഐ പിന്തുണയിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും കിട്ടിയ അധ്യക്ഷ പദങ്ങള്‍ കോണ്‍ഗ്രസ് രാജിവച്ചു.
വിമതരുടെ വരവും തർക്കങ്ങളും എസ്ഡിപിഐ പിന്തുണയുമെല്ലാം പഞ്ചായത്തുകളിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ നാടകീയമാക്കി. തിരുവനന്തപുരം പാങ്ങോട് മൂന്ന് എസ്ഡിപിഐ അംഗങ്ങൾ പിന്തുണച്ചതോടെ യുഡിഎഫിന് കിട്ടി പ്രസിഡന്ററ്,വൈസ് പ്രസിഡന്‍റ് പദവി. വേണ്ടെന്ന് പാർട്ടി പറഞ്ഞതോടെ രണ്ടുപേരും രാജിവച്ചു.
നാവായിക്കുളം പഞ്ചായത്തിൽ ഇരട്ടി സീറ്റിന്‍റെ ഭൂരിപക്ഷമുണ്ടായിട്ടും ഗ്രൂപ്പുപോരിൽ കോൺഗ്രസിന് ഭരണം പോയി. ആദ്യ ടേമിൽ തർക്കമുണ്ടായതോടെ, ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മറ്റൊരു കോൺഗ്രസ് അംഗം മത്സരിച്ചു. എൽഡിഎഫിന്‍റെയും നാല് കോൺഗ്രസ് അംഗങ്ങളുടെയും പിന്തുണയിൽ ആസിഫ് കടയിൽ പ്രസിഡന്‍റായി. അഞ്ചുതെങ്ങ്, കുന്നത്തുകാൽ, അതിയന്നൂർ, മണമ്പൂർ പഞ്ചായത്തുകളിൽ നറുക്കെടുപ്പ് വേണ്ടി വന്നു. യുഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതോടെ വെമ്പായത്ത് എൽഡിഎഫിന് ഭരണം കിട്ടി.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണച്ചതോടെ കോൺഗ്രസ് അംഗം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയിച്ചു. പിന്നീട് രാജിവച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിച്ചതോടെ നറുക്കെടുപ്പിൽ ബിജെപി ജയിച്ചു. പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും സ്വതന്ത്രനെ പിന്തുണച്ചതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അധികാരം നഷ്ടമായി. മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്‍റെ പഞ്ചായത്തായ പുറമറ്റത്ത് യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയിട്ടും കോൺഗ്രസ് വിമതരായ ദമ്പതികളെ ഒപ്പംനിർത്തി എൽഡിഎഫ് ഭരണം നേടി. പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടും അത് തള്ളിയ പി.ജെ. കുര്യന്‍റെ പിടിവാശി കൊണ്ടാണ് എൽഡിഎഫിനൊപ്പം നിന്നതെന്ന് പ്രസിഡന്റായി ജയിച്ച റെനി സനൽ പറഞ്ഞു.
തിരുവല്ല കുറ്റൂർ പഞ്ചായത്തിൽ ബിജെപിയെ സഹായിക്കാൻ എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത് വന്നു. കൊല്ലം ചിറക്കര ഗ്രാമ പഞ്ചായത്തിൽ യുഡിഫ് പിന്തുണച്ച സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി. സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഉല്ലാസ് കൃഷ്നാണ് പ്രസിഡൻ്റ്. യുഡിഎഫിന് ഭൂരിപക്ഷമുള്ള അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡൻ്റായി. പട്ടിക ജാതി സംവരണമായതിനാൽ യുഡിഎഫില്‍ മത്സരിക്കാൻ ആളുണ്ടായിയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam