Latest Videos

ലോക്സഭാ തിരഞ്ഞെടുപ്പ് ക്വിസ്; വിജയികളെ പ്രഖ്യാപിച്ചു

By Web TeamFirst Published Apr 24, 2024, 7:28 PM IST
Highlights

ജേതാക്കള്‍ക്ക് സമാപന ചടങ്ങില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഷര്‍മിള സി സമ്മാനദാനം നിര്‍വഹിച്ചു.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനലില്‍ അയ്യപ്പദാസ് പി എസും ജിതിന്‍ കെ ജോണും അടങ്ങിയ ടീം ജേതാക്കളായി. ശരത് വി ആര്‍, ഷിബു ആര്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ശാന്തകുമാര്‍ എസ്, ഹാരിസ് എ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്ക് സമാപന ചടങ്ങില്‍ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഷര്‍മിള സി സമ്മാനദാനം നിര്‍വഹിച്ചു. വിജയികള്‍ക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനത്തുക നൽകി.

തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാര്‍ക്കില്‍ വൈകിട്ട് ആറിന് നടന്ന മെഗാ ഫൈനലില്‍ രണ്ട് പേരടങ്ങുന്ന ആറു ടീമുകളാണ് മല്‍സരിച്ചത്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മത്സരങ്ങളില്‍ വിജയിച്ചെത്തിയ 18 ടീമുകളില്‍ നിന്ന് പ്രിലിമിനറി മത്സരത്തിലൂടെ തിരഞ്ഞെടുത്ത ആറ് ടീമുകളാണ് മെഗാ ഫൈനലില്‍ മാറ്റുരച്ചത്. 

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകള്‍ ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തില്‍ പങ്കെടുത്തിരുന്നു. 19 വയസ്സു മുതല്‍ 65 വയസ്സു വരെ പ്രായമുള്ളവര്‍ മത്സരങ്ങളില്‍ പങ്കാളികളായി. പ്രാഥമികഘട്ട മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകള്‍ക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, സ്വതന്ത്ര്യസമരം എന്നിവ അധികരിച്ചുള്ള ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ ടെസിന്‍ സൈമണായിരുന്നു ക്വിസ് മാസ്റ്റര്‍.

'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
 

click me!