Asianet News MalayalamAsianet News Malayalam

'അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍': വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

lok sabha election 2024 how you can vote full details
Author
First Published Apr 24, 2024, 7:09 PM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

വോട്ടെടുപ്പ് പ്രക്രിയ

1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു

2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു

3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.

4. പോളിങ് ഓഫീസര്‍ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.

5. വോട്ടര്‍ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാര്‍ട്ടുമെന്റില്‍ എത്തുന്നു. അപ്പോള്‍ മൂന്നാം പോളിങ് ഓഫീസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോള്‍ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

വിവിപാറ്റില്‍ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

എത്തിക്കേണ്ടത് മലപ്പുറത്ത്, പക്ഷെ അതിർത്തി കടന്നപ്പോള്‍ തന്നെ പൊക്കി; യുവാക്കള്‍ പിടിയിലായത് എംഡിഎംഎയുമായി 
 

Follow Us:
Download App:
  • android
  • ios