
പോത്തുകല്ല്: മദ്രസയിലേക്കെന്നും പറഞ്ഞ് പോയ കുട്ടിയെ കാണാതായി, നാട്ടുകാരും വീട്ടുകാരും ആകെ പരിഭ്രാന്തരായി, ഒടുവിൽ സംഭവമറിഞ്ഞപ്പോൾ ആശ്വാസം, ഒപ്പം കട്ടക്ക് സപ്പോർട്ടുമായ പൊലീസും. മലപ്പുറം ജില്ലയിലെ പോത്തുകല്ലിലാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരനെ കാണാതായത്. പന്ത്രണ്ട് വയസ്സുകാരൻ അൽ അമീനെയാണ് കഴിഞ്ഞ ദിവസം രാവിലെ കാണാതായത്. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്‌റസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു.
എന്നാൽ മദ്രസയിലേക്ക് പോയ മടങ്ങി വന്നില്ല. കുട്ടി തിരിച്ചെത്താതോടെ ഒടുവിൽ ബഹളമായി തിരച്ചിലായി. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ 10 കിലോമീറ്റര്‍ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നു.
പരിഭ്രാന്തനായി ഇരുന്ന അൽ അമീന് പൊലീസുകാർ മിഠായി നൽകി സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ടെന്നും തനിക്ക് സൈക്കിളില്ലെന്നുമുള്ള വിഷമം പറഞ്ഞത്. ഒരു പഴയ സൈക്കിളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇത് ചവിട്ടാൻ പറ്റില്ലെന്നും പുതിയത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടാണെന്നും അൽ അമീൻ പറഞ്ഞു. ഈ സങ്കടത്തിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്.
അല്‍ അമീന്‍റെ സങ്കടം മനസിലാക്കിയ പൊലീസ് ഇൻസ്‌പെക്ടർ കെ.ടി.ശ്രീനിവാസന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസുകാർ പണം പിരിച്ചെടുത്തു. പിന്നാലെ പുതിയ സൈക്കിൾ വാങ്ങി നൽകിയാണ് അൽ അമീനെ രക്ഷിതാക്കളോടൊപ്പം പറഞ്ഞുവിട്ടത്. ഇനി വീടുവിട്ടിറങ്ങരുതെന്നും എന്ത് വിഷമം വന്നാലും രക്ഷിതാക്കളെ അറിയിക്കണമെന്നുംപൊലീസുകാര്‍ അല്‍ അമീനെ പറഞ്ഞ് മനസിലാക്കി. കാര്യങ്ങളല്ലാം ഭംഗിയായി അവസാനിച്ചപ്പോഴാണ് പൊലീസിനും നാട്ടുകാർക്കും സമാധാനമായത്. ഒപ്പം അൽഅമീന് സൈക്കില്‍ കിട്ടിയതില്‍ ഇരട്ടി സന്തോഷവും.
Read More : 'മുന്തിയ ഇനം നായ്ക്കള്‍ മുതല്‍ വെള്ളക്കുതിര വരെ'; ഹണി ട്രാപ്പിലൂടെ ഒഡിഷ സുന്ദരി സമ്പാദിച്ചത് 30 കോടി !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam