
കോട്ടയം: പൊലീസിന്‍റെ ഏറെ നാളായുള്ള നിരീക്ഷണത്തിൽ രണ്ട് യുവാക്കൾ കുടുങ്ങിയ വാർത്തയാണ് കോട്ടയത്ത് നിന്നും പുറത്തുവന്നത്. 25 വയസ് മാത്രം പ്രായമുള്ള 2 യുവാക്കളാണ് പൊലീസ് നിരീക്ഷണത്തിനൊടുവിൽ കുടുങ്ങിയത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീർ , തലനാട് സ്വദേശി അക്ഷയ് സോണി എന്നിവർ ലഹരി കച്ചവടത്തിലെ കണ്ണികളാണെന്നായിരുന്നു പൊലീസിന്‍റെ സംശയം. ഏറെനാളായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. ഒടുവിൽ കോട്ടയം വൈക്കത്ത് വച്ച് ഇവരെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ഇവരിൽ നിന്നും 32 ഗ്രാമിലേറെ എം ഡി എം എയും പൊലീസ് കണ്ടെടുത്തു. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും കിട്ടാത്തത് ആദ്യം പൊലീസിനെ വട്ടംകറക്കിയെങ്കിലും വിശദമായ ശരീര പരിശോധനയിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്
കോട്ടയം വൈക്കത്താണ് രണ്ടു യുവാക്കളെ എം ഡി എം എയുമായി പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 32 ഗ്രാമിലേറെ എം ഡി എം എ ഈ യുവാക്കളില്‍ നിന്ന് പിടിച്ചെടുത്തെന്നും പൊലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിയഞ്ച് വയസു മാത്രമാണ് ഇരുവരുടെയും പ്രായം. ഇവർ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പൊലീസ് സംഘം ഇരുവരെയും വളഞ്ഞിട്ട് പിടിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് വിശദമായ ശരീര പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ മുപ്പത്തിരണ്ട് ദശാംശം ഒന്ന് ഗ്രാം എം ഡി എം എ ഇരുവരില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റിലായ അക്ഷയ് സോണി എറണാകുളത്ത് കഞ്ചാവ് കേസിലും കുമരകത്ത് മുക്കുപണ്ട തട്ടിപ്പു കേസിലും പ്രതിയാണ്. മുനീറിനെതിരെ ഈരാറ്റുപേട്ടയില്‍ എക്സൈസും പൊലീസും കേസെടുത്തിട്ടുണ്ട്. ഇത് രണ്ടും കഞ്ചാവ് കേസുകളാണ്. കോട്ടയം എസ് പി കാര്‍ത്തിക്ക് കെയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം