
തിരുവനന്തപുരം: പ്രായമായ മാതാപിതാക്കൾക്ക് തുണയായി വീട്ടിലൊരാളെ നിർത്തണം. പക്ഷേ സമീപകാലത്തെ അക്രമ സംഭവങ്ങൾ ഭയന്ന് ഇതിന് മുതിരാതെ ഇരുന്നിട്ടുണ്ടോ? വാടകയ്ക്ക് വീട് നൽകിയ ശേഷം വാടകക്കാരെ കൊണ്ട് മോശം അനുഭവമുണ്ടായതി, പിന്നീട് വീട് ഒഴിച്ചിടുന്ന അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? വാടകക്കാരെ കുറിച്ചും വീട്ടുജോലിക്കാരെ കുറിച്ചും ഇനിയും കൃത്യമായി വിവരങ്ങൾ നൽകാൻ കേരള പൊലീസുണ്ടാവും. ചെറിയ തുക നൽകിയാൽ ആളുകളുടെ പശ്ചാത്തല പരിശോധന നടത്തുന്ന സംവിധാനവുമായി കേരള പൊലീസ്. കേരള പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിന്റെ കീഴിലാണ് പശ്ചാത്തല പരിശോധന ഡിജിറ്റൽ സർവ്വീസായി ആരംഭിക്കുന്നത്. പോൽ ആപ്പ് വഴിയും തുണ പോർട്ടൽ വഴിയും ഈ സേവനം ഉപയോഗിക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവി റെവാഡ എ ചന്ദ്രശേഖർ വ്യക്തമാക്കിയത്.
തങ്ങള്‍ ആവശ്യപ്പെടുന്ന ജോലിക്കാരുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അയാള്‍ ഏതെങ്കിലും ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പിന്റെ ക്രൈം ഡാറ്റാബേസിന്റെ സഹായത്തോടെ പരിശോധിക്കും. ആദ്യമായാണ് പൊലീസ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഇത്തരമൊരു സേവനം നല്‍കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നാണ് ഡിജിറ്റല്‍ സേവനത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ഐജി പി പ്രകാശ് വിശദമാക്കിയതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനായി പശ്ചാത്തല പരിശോധന നടത്തേണ്ട വ്യക്തിയുടെ വിശദാംശങ്ങള്‍, ആധാര്‍, ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍, 1500 രൂപ ഫീസ് എന്നിവയും നല്‍കണം. വ്യക്തികളുടെ ഐഡന്റിറ്റി, വിലാസം, ക്രിമിനല്‍ പശ്ചാത്തലം എന്നിവയാണ് ലോക്കല്‍ പൊലീസ് അന്വേഷിക്കുക. പരിശോധന പൂര്‍ത്തിയാകുന്നതനുസരിച്ച് യൂണിറ്റ് മേധാവി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജീവനക്കാരുടെ വെരിഫിക്കേഷനായി അപേക്ഷ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സംഘടനകള്‍ക്കും തുണ വഴി കൈമാറാം. സ്വകാര്യ സ്ഥാപനങ്ങള്‍ 1500 രൂപ നല്‍കേണ്ടതുണ്ട്.