
ഇടുക്കി: പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ബോധമറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് തക്ക സമയത്ത് പൊലീസ് നടത്തിയ ഇടപെടലിൽ പാളിയത് 38കാരന്റെ ആത്മഹത്യാ ശ്രമം. പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവാണ് മദ്യലഹരിയിൽ ഉറങ്ങി പോയത്. നാട്ടുകാർ വിവരം അറിയിച്ചെത്തിയ പൊലീസ് ഉറക്കമുണരും മുമ്പേ 38 കാരനെ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കൾ ഒപ്പം വിട്ടയച്ചു.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം. പുഴയോരത്തെ പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൻ്റെ മുകളിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കാണുന്നത്. പാലത്തിലൂടെ സഞ്ചരിച്ച നാട്ടുകാര്‍ മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പൈപ്പില്‍ നിന്നും യുവാവിനെ കയറ്റുകയായിരുന്നു. മറുവശത്തേയ്ക്ക് തിരിഞ്ഞാൽ പുഴയിൽ വീഴുന്ന നിലയിൽ അപകടകരമായ അവസ്ഥയിലാണ് കിടന്നിരുന്നത്.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാൻ എത്തിയതാണെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. മദ്യപിച്ച ശേഷം പുഴയുടെ കരയിൽ എത്തിയെങ്കിലും ഇതിനിടയിൽ ഉറങ്ങി പോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാവിന് ഭക്ഷണം വാങ്ങി നൽകിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു. യുവാവിന് വേണ്ട കൗൺസലിംഗ് നൽകാനും പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam