" തെറ്റിനൊപ്പമല്ല... നിങ്ങള്‍ക്കൊപ്പം.. നേരിനൊപ്പം...; ബിനീഷ് ബാസ്റ്റ്യന്‍റെ മീം പങ്കുവച്ച് കേരളാ പൊലീസ് ഫേസ്ബുക്ക് പേജ്

By Web TeamFirst Published Nov 1, 2019, 1:13 PM IST
Highlights

മാവോയിസ്റ്റ് വേട്ട, വാളയാര്‍, ശ്രീജിത്ത്, വരാപ്പുഴ കസ്റ്റഡി മരണം തുടങ്ങി പല കേസുകളിലും കേരളാ പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വിചാരണ നടക്കുകയാണ്.  അതിനിടെയാണ് എന്നും നിങ്ങള്‍ക്കൊപ്പമെന്ന മീമുമായി കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് രംഗത്തെത്തിയിരിക്കുന്നത്. 
 

തിരുവനന്തപുരം: നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് അറിയിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍. എന്നും നിങ്ങള്‍ക്കൊപ്പം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ മീം ട്രോളില്‍  ബിനീഷ് ബാസ്റ്റ്യന്‍റെ ഫോട്ടോ സ്റ്റില്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, തന്‍റെ അടുത്ത് ചാന്‍സ് ചോദിച്ച് വരുന്ന മൂന്നാംകിട നടന്‍റെ കൂടെ വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് കോളേജ് ഭാരവാഹികളെ അറിയിച്ചു. ഇതേ തുടര്‍ന്ന് അതിഥിയായി വിളിച്ചു വരുത്തി തന്നെ അപമാനിച്ചെന്നാരോപിച്ച് ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 

ബിനീഷിന്‍റെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. ഇന്നലെ വൈക്കീട്ട് നടന്ന ഈ സംഭവത്തിന് ശേഷം ഇന്ന് രാവിലെയാണ് കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ബിനീഷ് ബാസ്റ്റ്യനെ ഉപയോഗിച്ചുള്ള് ട്രോള്‍ കേരളാ പൊലീസ് ഷെയര്‍ ചെയ്തത്. " നമ്മുടെ പേജ് " , " നിങ്ങള്‍ വളര്‍ത്തിയതാണ് ഈ പേജ് " , "  നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിങ്ങളോടൊപ്പം തന്നെയാണ് ഈ പേജും" . " ഇനിയും നിങ്ങളോടൊപ്പം തന്നെയുണ്ടാകും" . "തെറ്റിനൊപ്പമല്ല... നിങ്ങള്‍ക്കൊപ്പം.. നേരിനൊപ്പം.." എന്ന കുറിപ്പും മീമിനൊപ്പം ഉണ്ടെങ്കിലും മീമില്‍ കേരളാ പൊലീസിന്‍റെ ലോഗോയില്ലെന്നത് ശ്രദ്ധേയമാണ്. 

നിതീ തേടിയെത്തിയ വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനോട് കേരളാ പൊലീസും ഡിവൈഎസ്പി എം ജെ സോജനും നിഷേധാത്മക നിലപാട് സ്വീകരിച്ചതും പ്രതികളെ സഹായിക്കാനായി കേസില്‍ കൃത്രിമം കാണിച്ചതും വിവാദമായതിന് പുറകേ പാലക്കാട് നടന്ന മാവോയിസ്റ്റ് വേട്ടയിലും ഭരണകക്ഷിയായ സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ സര്‍ക്കാറിനെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പുറകേയാണ് നേരിനൊപ്പം നിങ്ങള്‍ക്കൊപ്പം എന്ന പരസ്യമീമുമായി കേരളാ പൊലീസ് ഫേസ്ബുക്കില്‍ എത്തുന്നത്. മീമിന് താഴെ കമന്‍റായി,  വാളയാര്‍ കേസ് സംബന്ധിച്ച വിവാദം മുക്കാനുള്ള കേരളാ പൊലീസിന്‍റെ സൈക്കോളജിക്കല്‍ മൂവാണ് പുതിയ ട്രോള്‍ മീമെന്ന കമന്‍റുകളും ധാരാളമാണ്. 

 

 

click me!