24 മണിക്കൂറിനിടെ 86 മി.മീ, തലസ്ഥാനത്ത് പെയ്ത പെരുമഴയുടെ കണക്ക് ഞെട്ടിക്കും; ലക്ഷങ്ങളുടെ നഷ്ടവും

Published : Oct 04, 2023, 12:07 AM ISTUpdated : Oct 04, 2023, 03:27 PM IST
24 മണിക്കൂറിനിടെ 86 മി.മീ, തലസ്ഥാനത്ത് പെയ്ത പെരുമഴയുടെ കണക്ക് ഞെട്ടിക്കും; ലക്ഷങ്ങളുടെ നഷ്ടവും

Synopsis

ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 3.15  വരെയുള്ള സമയത്ത് മാത്രം ജില്ലയിൽ 53 മില്ലി മീറ്റ‌ർ മഴയാണ് ലഭിച്ചത്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് പെരുമഴ. മണിക്കൂറുകളുടെ ഇടവേളയിൽ മൊത്തം ലഭിച്ചത് 86 മില്ലി മീറ്റ‌ർ മഴയാണ്. തിങ്കളാഴ്ച രാത്രിമുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരമാണ് ജില്ലയിലാകെ 86 മി മീ മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മാത്രം തിരുവനന്തപുരത്ത് 33 മില്ലി മീറ്റ‌ർ മഴ ലഭിച്ചപ്പോൾ ചൊവ്വാഴ്ച അതിശക്തമായിരുന്നു മഴയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 3.15  വരെയുള്ള സമയത്ത് മാത്രം ജില്ലയിൽ 53 മില്ലി മീറ്റ‌ർ മഴയാണ് ലഭിച്ചത്. കനത്തമഴയിൽ കനത്ത നാശനഷ്ടമാണ് ജില്ലയിലാകെ ഉണ്ടായിട്ടുള്ളത്. വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 23 വീടുകള്‍ ഭാഗികമായി തകർന്നെന്നും ഏകദേശം 44 ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായെന്നുമാണ് വിവരം.

കനത്തമഴയത്ത് കറണ്ട് പോയി, തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി, കലാശിച്ചത് വൻ ദുരന്തത്തിൽ; ഒരു വീട്ടിൽ 3 മരണം, കണ്ണീർ

കനത്തമഴ: ജില്ലയില്‍ 23 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്‍റെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു.സെപ്റ്റംബര്‍ 29 മുതല്‍ ഇന്നലെ(ഒക്ടോബര്‍ മൂന്ന്)വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.ചിറയിന്‍കീഴ്,വര്‍ക്കല,കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്.ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ(58)കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ 25 മുതല്‍ ഇന്നലെ(ഒക്ടോബര്‍ മൂന്ന്)വരെ ശക്തമായ മഴയില്‍ ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു.ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്.ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി.ആര്യന്‍കോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി