അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു
മഴയത്ത് കറണ്ട് കട്ടായതിന് പിന്നാലെ ഒരു വീട്ടിൽ വൻ ദുരന്തം. മഴയത്ത് വീട്ടിലെ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അത് ശരിയാക്കാൻ തോട്ടി ഉപയോഗിച്ചുള്ള പരിശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. വീട്ടിലെ വൈദ്യുതി കണക്ഷൻ ശരിയാക്കാനായി മകൻ ഇരുമ്പ് തോട്ടി ഉപയോഗിച്ചു സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇരുമ്പ് തോട്ടി തട്ടിമാറ്റാൻ ശ്രമിച്ച സഹോദരിയും ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച അമ്മയും ഷോക്കേറ്റ് മരിച്ചു. ഒരു വീട്ടിലെ മൂന്ന് പേരും ഒന്നിച്ച് മരിച്ചതിന്‍റെ കണ്ണീരിലാണ് കന്യാകുമാരി.
സംഭവം ഇങ്ങനെ
കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരിലാണ് ഒരു കുടുംബത്തിൽ മൂന്നു പേർ വൈദ്യുതാഘാതമേറ്റ് മരിച്ച ദാരുണ സംഭവം നടന്നത്. മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്. ഒടുവിൽ നാടിനിടെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മൂവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്തമഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് പെരുമഴയാണെന്നാണ് കണക്കുകൾ. മണിക്കൂറുകളുടെ ഇടവേളയിൽ മൊത്തം ലഭിച്ചത് 86 മില്ലി മീറ്റർ മഴയാണ്. തിങ്കളാഴ്ച രാത്രിമുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരമാണ് ജില്ലയിലാകെ 86 മി മീ മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മാത്രം തിരുവനന്തപുരത്ത് 33 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ ചൊവ്വാഴ്ച അതിശക്തമായിരുന്നു മഴയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 3.15 വരെയുള്ള സമയത്ത് മാത്രം ജില്ലയിൽ 53 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കനത്തമഴയിൽ കനത്ത നാശനഷ്ടമാണ് ജില്ലയിലാകെ ഉണ്ടായിട്ടുള്ളത്. വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 23 വീടുകള്‍ ഭാഗികമായി തകർന്നെന്നും ഏകദേശം 44 ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായെന്നുമാണ് വിവരം.
24 മണിക്കൂറിനിടെ 86 മി.മീ, തലസ്ഥാനത്ത് പെയ്ത പെരുമഴയുടെ കണക്ക് ഞെട്ടിക്കും; ലക്ഷങ്ങളുടെ നഷ്ടവും
