
കോഴിക്കോട്: കയർ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചകിരി ഉത്പാദിപ്പിക്കാൻ സ്വകാര്യ സംരംഭകർ തയ്യാറായി വരികയാണെങ്കിൽ അവർക്ക് വേണ്ട സഹായ സഹകരണം ചെയ്തു നൽകാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി ഡോ ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച '500 ചകിരി മില്ലുകള്‍' ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കയർ വ്യവസായത്തെ ഉയർത്തി കൊണ്ടുവരാൻ സ്വകാര്യമേഖലയെ ഉപയോഗിക്കും. കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ കയർ വ്യവസായത്തെ പോലെ ലാഭകരമായി ചെയ്യാവുന്ന മറ്റൊരു വ്യവസായമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ വി.കെ.സി മമ്മദ്‌കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യവസായം തുടങ്ങാൻ താൽപര്യമുള്ളവർക്ക് വേണ്ട വായ്പയും മറ്റ് സൗകര്യങ്ങളും സർക്കാർ ചെയ്തു നൽകും. പഞ്ചായത്തുകളിൽ നിന്നും വൈദ്യുതി അനുവദിച്ചു നൽകാൻ താമസമുണ്ടെന്ന സംരംഭകരുടെ പരാതിയിൻമേൽ നേരിട്ട് പഞ്ചായത്തു പ്രസിഡന്റുമാരെ വിളിച്ചു പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസിന് അപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ കിട്ടിയതായി പരിഗണിച്ച് വ്യവസായവുമായി മുന്നോട്ട് പോകാവുന്നതാണെന്നും മന്ത്രി സംരംഭകരോട് പറഞ്ഞു. ഗുണമേന്‍മയുള്ള ചകിരിനാര് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ചകിരി മില്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നിന്റെ ഭാഗമായാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. സംസ്ഥാനത്തെ സ്വകാര്യ സംരംഭകരും സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികളും ശില്‍പശാലയിൽ പങ്കെടുത്തു.
കയര്‍ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. രാമനാട്ടുകര ഹോട്ടല്‍ പാര്‍ക്ക് റസിഡന്‍സിയില്‍ നടന്ന പരിപാടിയിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി കൗൺസിലർ രാജൻ പുൽപറമ്പിൽ, കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ, കയർഫെഡ് ചെയർമാൻ അഡ്വ എൻ സായ്കുമാർ, കെ എസ് സി സി ചെയർമാൻ ടി കെ ദേവകുമാർ, കേരള സ്റ്റേറ്റ് കയർ മെഷീൻ മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ അഡ്വ കെ പ്രസാദ്, കേരള സ്റ്റേറ്റ് കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, കോഴിക്കോട് കയർ പ്രൊജക്ട് ഓഫീസർ കെ ടി ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam