
അടിമാലി: ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം ഇടുക്കി അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് (39 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആയിരുന്നു സംഭവം. പണിതീരാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് താഴേക്ക് വീണാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരിൽ താമസിക്കുന്ന ജോ തോമസ് കെട്ടിടങ്ങളുടെ ഇന്‍റീരിയർ ഡിസൈനിംഗ് ജോലി ചെയ്തു വരികയായിരുന്നു. ജോലിയുടെ ഭാഗമായി അളവെടുക്കാനായി ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിന്‍റെ ഭാഗത്തെത്തിയപ്പോള്‍ അബദ്ധത്തിൽ താഴേക്ക് വീണാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അടിമാലിയിൽ എത്തിക്കും. വിശ്വദീപ്തി നഗറിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് അടിമാലി സെന്റ് മാർട്ടിൻ ഡീപോറസ് ചർച്ചിൽ സംസ്കരിക്കും.
പരേതനായ തോമസിന്റെയും ഷൈനിയുടെയും മകനാണ് ജോ കത്തിപ്പാറ സ്വദേശിനി നീതുവാണ് ഭാര്യ. ക്രിസ്റ്റഫർ ജോൺ ഏക മകനാണ്. അടിമാലി കല്ലാർകുട്ടി റോഡിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയായിരുന്ന ജോ ജോസഫ് ബെംഗളൂരുവിലെത്തിയിട്ട് ഒരു വർഷം ആകവേയാണ് ദാരുണണായ മരണം സംഭവിച്ചത്.
Read More : 'ദുബൈയിൽ എഞ്ചിനീയർ, ലക്ഷ്യം രണ്ടാം വിവാഹിതർ, സൈറ്റ് വഴി അടുക്കും, പറ്റിച്ച് പണം തട്ടും'; യുവാവിനെ പൊക്കി