
ആലപ്പുഴ: വീടും പരിസരവും മാലിന്യം നിറഞ്ഞ് വൃത്തിഹീനമായ സാഹചര്യത്തിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന പത്തു വയസുകാരന് തുണയായി ചൈൽഡ് ലൈനും പൊലീസും. നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ ഇടപെട്ട് കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും കവറുകളും വീടിന്‍റെ അടുക്കളയിലടക്കം നിറഞ്ഞുകിടക്കുകയായിരുന്നു. മുറികളും പൂർണമായും വൃത്തിഹീനമായിരുന്നു.
പഠനത്തിൽ മിടുക്കനായ കുട്ടിയെ അധികൃതർ അമ്മയുമായി സംസാരിച്ചശേഷമാണ് ഇവിടെനിന്ന് മാറ്റിയത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടിയെ ഏറ്റെടുത്ത് സംരക്ഷണ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. റെസ്ക്യൂ ഓഫിസര്‍ കെ എസ് സംഗീത, ഔട്ട് റീച്ച് വർക്കർ എ എസ് അനഘ, ചൈൽഡ് ഹെല്പ് ലൈൻ കേസ് വർക്കർ ജൈനമ്മ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam