
കൊച്ചി: കണ്ണൂരിലെ ആറളം ഫാമിൽ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആനയുടെ ആക്രമണ ഭീഷണി ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഉപ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എസ് ഈശ്വരനും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. ‘കെഎം ഒന്ന്’ എന്ന ആന ആറളം ഫാമിലെ ജനങ്ങൾക്കാകെ ഭീഷണിയായിരിക്കുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിൽ അനീഷ് എന്നയാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഹർജിക്കാരനായ ബൈജു പോൾ മാത്യു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾ തടയാൻ നിരന്തര മേൽനോട്ടം വേണമെന്ന് ഹൈക്കോടതി നേരത്തെയും നിർദേശിച്ചിരുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഈ വാദം ആറളം ഫാമിന് വേണ്ടി ഹാജരായ അഭിഭാഷകനും അംഗീകരിച്ചു.
തുടർന്നാണ് ആനയെ സ്ഥിരമായി നിരീക്ഷിക്കാനുള്ള നിർദേശം കോടതി നൽകിയത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്ന് കോടതി ഓർമിപ്പിക്കുകയും ചെയ്തു. കേസ് മേയ് 20ന് വീണ്ടും പരിഗണിക്കും. ആറളം ഫാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഓൺലൈനായി ഹാജരാക്കിക്കൊണ്ട് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam