
കൊച്ചി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കളമശ്ശേരി വിദ്യാനഗർ എട്ടുകാട്ടിൽ ഹൗസിൽ കരീമിൻ്റെ മകൻ ഉനൈസ് ഇ കെ (31), തൃക്കാക്കര നോർത്ത് മലൈതൈക്കാവ് തലക്കോട്ടിൽ വീട്ടിൽ ഷെരീഫിൻ്റെ മകൻ ഷിനാസ് ടി എസ് (28) എന്നിവരാണ് കളമശ്ശേരി പൊലീസിൻ്റെ പിടിയിലായത്. ടൗൺഹാളിന് സമീപം ചുവന്ന ഹ്യുണ്ടായി കാറിൽ വന്ന ഒരാൾ എംഡിഎംഎ വിൽപ്പന നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ് ശശിധരന്റെ നിർദ്ദേശപ്രകാരം കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 4.40 ഗ്രാം എംഡിഎംഎയുമായി ഷിനാസ് പിടിയിലാവുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസിന് എംഡിഎംഎ ഇയാൾക്ക് വിൽപ്പന നടത്തിയ ആളെ പറ്റി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് 15.45 ഗ്രാം എംഡിഎംഎയുമായി ഉനൈസിനെ ചങ്ങമ്പുഴ ഗ്രൗണ്ട് ഭാഗത്ത് നിന്നും പിടികൂടിയത്.
മഹീന്ദ്ര ഥാർ ജീപ്പിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതികൾ ആഡംബര ജീവിതം നയിക്കുന്നതിനായാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിൽ കളമശ്ശേരി സബ് ഇൻസ്പെക്ടർമാരായ വിനോജ് എ ,അജയകുമാർ കെ പി എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവ് കോഴിക്കോട് അറസ്റ്റിലായിരുന്നു. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത്ത് വീട്ടിൽ ശിഹാബുദ്ദീൻ (45 ) ആണ് കോഴിക്കോട് ആന്റി നർകോടിക് സെല്ലിന്റെ പിടിയിലായത്. സെല്ലിന്റെ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂർ സബ് ഇൻസ്‌പെക്ടർ ആർ എസ് വിനയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് വാഹന പരിശോധനക്കിടെയാണ് ശിഹാബുദ്ദീനെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam