
കൊച്ചി: ഹൈക്കോടതി ഉത്തരവ് (Highcourt Order) പ്രകാരം കൊച്ചി കോർപ്പറേഷൻ (Kochi Corporation) പരിധിയിൽ പെർമിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടക്കാരെ (Street Vendors) ഒഴിപ്പിക്കുന്നത് ഇന്നും തുടരും. കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനക്കിടെ വഴിയോരക്കച്ചവടക്കാരിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെൻഡിംഗ് ലൈസൻസ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതോടെയാണ് കോപ്പറേഷൻ നടപടി തുടങ്ങിയത്.
ഹൈക്കോടതി ജംഗ്ഷൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഉടമകളില്ലാത്ത കടകൾ പൊളിച്ച് നീക്കി. നിസ്സഹകരിച്ചവരുടെ കടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. 2500 ഓളം പേർക്കാണ് നിലവിൽ കച്ചവടത്തിന് അനുമതി ഉള്ളത്. വെൻഡിംഗ് ലൈസൻസ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതോടെയാണ് കോർപ്പറേഷൻ നിയന്ത്രണങ്ങൾ തുടങ്ങുന്നത്.
ഇതുപ്രകാരം 2500 ഓളം പേർക്കാണ് നിലവിൽ കച്ചവടത്തിന് അനുമതി നൽകുന്നത്. കൂടുതൽ അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മേയർ പറഞ്ഞു. പെർമിറ്റ് ഇല്ലാത്തവർ കച്ചവടം നടത്തുന്നുണ്ടോയെന്ന് വിവിധ ഡിവിഷനുകളിലെ ജാഗ്രത സമിതി പരിശോധിക്കണം.
അനധികൃത കച്ചവടക്കാർക്കെതിരെ നടപടി എടുക്കും. കച്ചവടങ്ങൾ അനുവദിക്കുന്ന വെൻഡിംഗ് സോണുകൾ ഏതെല്ലാമെന്ന് വെൻഡിംഗ് കമ്മിറ്റി തീരുമാനിക്കും. ഇത് വിവിധ യോഗങ്ങൾക്ക് ശേഷം വ്യക്തമാകും. കാൽ നടയാത്രക്കാരെ തടസ്സപ്പെടുത്താതിരിക്കുക, മാലിന്യങ്ങൾ പുറന്തള്ളാതിരിക്കുക തുടങ്ങി ബൈലോയിലെ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മേയർ വ്യക്തമാക്കി.