
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു തെരഞ്ഞെടുപ്പിനൊരുങ്ങി എറണാകുളത്തെ രാഷ്ട്രീയ പാർട്ടികൾ. കൊച്ചി കോർപ്പറേഷൻ 62 ആം ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫും എൻഡിഎയും. വനിതാ സംവരണമുള്ള ഡിവിഷനിൽ ഉചിതമായ സ്ഥാനാർത്ഥിക്കായുള്ള തിരച്ചിലിലാണ് ഇടത് മുന്നണി.
എംടെക് ബിരുദധാരിയായ അനിതാ വാര്യരെയാണ് എറണാകുളം സൗത്ത് തിരിച്ചു പിടിക്കാൻ യുഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. 40 വർഷത്തിലേറെ കോൺഗ്രസിന്റെ കയ്യിലായിരുന്ന ഡിവിഷൻ കഴിഞ്ഞ തവണയാണ് കൈവിട്ടുപോയത്. 271 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെ പി സ്ഥാനാർത്ഥി മിനി മേനോൻ ജയിച്ചു. മിനിയുടെ മരണത്തെത്തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മാലിന്യ നിർമ്മാജ്ജനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും താൻ ഊന്നൽ നൽകുകയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നു.
മാധ്യമ പ്രവർത്തകയായിരുന്ന പത്മജ എസ് മേനോന് എറണാകുളത്ത് പരിചയപ്പെടുത്തലിന്റ ആവശ്യമില്ല. നിയമ സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ സ്ഥാനാർത്ഥിയായിരുന്നു പത്മജ. മുൻ കൗൺസിലർ മിനിയുടെ മികച്ച പ്രവർത്തനങ്ങൾക്ക് വോട്ടർമാർ അംഗീകാരം നൽകുമെന്ന് പത്മജ പറയുന്നു.
ഇടത് മുന്നണിക്ക് വേണ്ടി സിപിഐ ആണ് ഇത്തവണ മത്സര രംഗത്ത്. സ്ഥാനാർത്ഥിയെ ഇനിയും പ്രക്യാപിച്ചിട്ടില്ല. 74 അംഗ കോർപ്പറേഷനിൽ മൂന്ന് വിമതന്മാരുടെ പിന്തുണയോടെയാണ് 34 അംഗമുള്ള ഇടത് പക്ഷം ഭരിക്കുന്നത്. യുഡിഎഫിന് 32 സീറ്റും എൻഡിഎക്ക് നാല് സീറ്റുമാണ് ഉള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam