
കാക്കനാട്(കൊച്ചി): ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന ഇരുചക്ര വാഹനങ്ങളെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം കുടുക്കി. പെർമിറ്റില്ലാതെ ഓൺലൈൻ ബുക്കിംഗ് ആപ്പുകളിലൂടെ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 36 അനധികൃത ഇരുചക്രവാഹനങ്ങൾ പിടികൂടി. ഇവർക്കെതിരെ 1.18 ലക്ഷം രൂപ പിഴ ചുമത്തി.
കളക്ടറേറ്റ് വളപ്പിലും ഇൻഫോപാർക്ക് പരിസരത്തും കൊച്ചിയിലെയും കളമശേരിയിലെയും പ്രധാന കേന്ദ്രങ്ങളിലുമാണ് പരിശോധന നടന്നത്. ഊബർ, റാപിഡോ എന്നീ സ്വകാര്യ ആപ്പുകൾ വഴി ബൈക്ക് ടാക്സികൾ ബുക്ക് ചെയ്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. യാത്രക്കാരെന്ന വ്യാജേന വാഹനങ്ങൾ വിളിച്ചപ്പോൾ എത്തിയവയിൽ ഭൂരിഭാഗവും സ്വകാര്യ ബൈക്കുകളും സ്കൂട്ടറുകളുമായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അവർ നിയോഗിച്ച ആളുകളുമാണ് യാത്രക്കാരെന്ന വ്യാജേന വാഹനങ്ങൾ ബുക്ക് ചെയ്തത്. പരിശോധനയിൽ കുടുങ്ങിയ ശേഷമാണ് തങ്ങളെ വിളിച്ചവർ ഉദ്യോഗസ്ഥരാണെന്ന് ഡ്രൈവർമാർ തിരിച്ചറിഞ്ഞത്.
ഇൻഷുറൻസും നികുതിയും അടയ്ക്കാത്തതും കാലാവധി കഴിഞ്ഞതുമായ നിരവധി ഇരുചക്ര വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. ഐടി മേഖലയിലെ നിരവധി ജീവനക്കാർ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, പെർമിറ്റില്ലാത്ത വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടമുണ്ടായാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇരുചക്ര വാഹനങ്ങളെ ടാക്സിയായി ഉപയോഗിക്കണമെങ്കിൽ രജിസ്ട്രേഷനിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തണം. ടാക്സി പെർമിറ്റ് എടുക്കുകയും അതിനനുസരിച്ചുള്ള നികുതി അടയ്ക്കുകയും വേണം. പിന്നിൽ യാത്ര ചെയ്യുന്ന ആളെയും ഉൾപ്പെടുത്തി ഇൻഷുറൻസ് പുതുക്കണമെന്നും നമ്പർ പ്ലേറ്റിന്റെ നിറം നിയമപ്രകാരം മാറ്റണമെന്നും അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam