പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ ഇനി ഫ്‌ളാറ്റിലേക്ക്; മഴക്കാലത്തെ നരകജീവിതത്തിന് അവസാനമെന്ന് മന്ത്രിമാർ

Published : Sep 02, 2023, 06:53 PM IST
പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ ഇനി ഫ്‌ളാറ്റിലേക്ക്; മഴക്കാലത്തെ നരകജീവിതത്തിന് അവസാനമെന്ന് മന്ത്രിമാർ

Synopsis

14.61 കോടി രൂപയാണ് 83 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 9.03 കോടിയും നല്‍കിയത് ലൈഫ് മിഷനാണ്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 4.86 കോടി രൂപയും പിഎംഎവൈ 1.23 കോടിയും പദ്ധതിക്കായി നല്‍കിയെന്ന് മന്ത്രി.

കൊച്ചി: പേരണ്ടൂര്‍ പി ആന്‍ഡ് ടി കോളനിയിലെ 83 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുണ്ടംവേലിയില്‍ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എംബി രാജേഷ്. മഴക്കാലത്ത് അഴുക്കുവെള്ളത്തില്‍ കഴുത്തറ്റം മുങ്ങി ജീവിക്കേണ്ടി വന്ന കോളനി നിവാസികളുടെ നരക ജീവിതത്തിന് ഇതോടെ അവസാനമായിയെന്നും മുണ്ടംവേലിയിലെ ഫ്‌ളാറ്റില്‍ ഇനി അവര്‍ മനസമാധാനത്തോടെ ഉറങ്ങുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആകെ 14.61 കോടി രൂപയാണ് 83 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാറ്റിന്റെ നിര്‍മ്മാണച്ചെലവ്. ഇതില്‍ 9.03 കോടിയും നല്‍കിയത് ലൈഫ് മിഷനാണ്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് 4.86 കോടി രൂപയും പിഎംഎവൈ 1.23 കോടിയും പദ്ധതിക്കായി നല്‍കിയെന്ന് പറഞ്ഞു. 

മന്ത്രി എംബി രാജേഷ് പറഞ്ഞത്: ''തലവിധിയാണ് എന്നോര്‍ത്ത് ദുരിതജീവിതം സഹിച്ചവരാണ് കൊച്ചി പേരണ്ടൂര്‍ പി ആന്‍ഡ് ടി കോളനിക്കാര്‍. തലയില്‍ വരച്ചത് ആര്‍ക്ക് മായ്ക്കാനാവും എന്ന് പരിതപിച്ചു കൊണ്ടിരുന്നവരുടെ തലവര എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിവരച്ചു. മഴക്കാലത്ത് അഴുക്കുവെള്ളത്തില്‍ കഴുത്തറ്റം മുങ്ങി ജിവിക്കേണ്ടി വന്ന നരകജീവിതത്തിന് അവസാനമായി. മുണ്ടംവേലിയിലെ ഫ്‌ലാറ്റില്‍ ഇനി മനസമാധാനത്തോടെ അവര്‍ കിടന്നുറങ്ങും. അറുപതും എഴുപതും വയസ് പ്രായമുള്ള അമ്മമാര്‍, ജീവിതത്തിലൊരിക്കലും സാക്ഷാത്കരിക്കാനാവില്ല എന്ന് കരുതിയ സ്വപ്നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ്. എത്രയോ മഴക്കാലരാത്രികളില്‍ പി ആന്‍ഡ് ടി കോളനിയില്‍ വെള്ളമിരച്ച് കയറുന്ന വീടുകളില്‍ സമാധാനമില്ലാതെ കിടന്നവര്‍, ഇനി സമാധാനത്തോടെ കിടന്നുറങ്ങും. ആത്മാഭിമാനത്തോടെ അന്തസോടെ മനുഷ്യോചിതമായ ജീവിതം നയിക്കും.''

മുണ്ടംവേലിയില്‍ ജിസിഡിഎ ഉടമസ്ഥതയിലുള്ള 70 സെന്റോളം വരുന്ന ഭൂമിയില്‍ പ്രീ എഞ്ചിനീയേഡ് ബില്‍ഡിംഗ് സ്ട്രക്ചര്‍ രീതിയിലാണ് ഫ്‌ളാറ്റുകളുടെ നിര്‍മാണമെന്ന് മന്ത്രി അറിയിച്ചു. 375 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് ബെഡ്‌റൂം, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, കിച്ചന്‍, ടോയ്‌ലറ്റ് എന്നിവയുണ്ട്. കൂടാതെ മൂന്നു ഭവന യൂണിറ്റുകള്‍ കോമണ്‍ അമിനിറ്റിസായി സിക്ക് റൂം, ഡേ കെയര്‍ സെന്റര്‍, അഡ്മിന്‍ റൂം, റീഡിംഗ് റൂം എന്നിങ്ങനെയായി നല്‍കിയിരിക്കുന്നു. മഴവെള്ള സംഭരണി, കുടിവെള്ള സംഭരണ സംവിധാനം, അഗ്‌നിശമന സംവിധാനം എന്നിവയും ഉണ്ട്. ജൈവ മാലിന്യവും ദ്രവമാലിന്യവും സംസ്‌കരിക്കാനുള്ള പദ്ധതികളും ഒരുക്കും. 3,49,247 വീടുകളാണ് ഇതിനകം ലൈഫ് ഭവന പദ്ധതി വഴി  പൂര്‍ത്തിയാക്കിയത്. 1,16,653 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ലോകത്തിന് മാതൃകയായ ഈ ഭവനനിര്‍മ്മാണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് പി ആന്‍ഡ് ടി കോളനി നിവാസികളുടെ ഈ പുനരധിവാസമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. 

എക്കാലവും ആധിയോടെ കഴിഞ്ഞിരുന്ന 83 കുടുംബങ്ങളാണ് പുതിയ സ്വപ്നങ്ങള്‍ നെയ്ത് തുടങ്ങുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ''പേരണ്ടൂര്‍ കനാലിന്റെ പുറമ്പോക്കില്‍ ജീവിതം തീര്‍ന്നുപോകുമായിരുന്ന മുന്നൂറിലധികമാളുകള്‍ ഈ നിമിഷം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നതിലും വലിയ സന്തോഷത്തില്‍ ജീവിക്കുകയാണ്. ഓരോ മഴക്കാലവും പെട്ടിയുമെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ടിവന്നവര്‍, അവശരായവരെ ചുമലിലേറ്റേണ്ടി വന്നവര്‍. എല്ലാത്തിനും ശാശ്വതമായൊരു പരിഹാരം ഉണ്ടായിരിക്കുന്നു.'' ഇച്ഛാശക്തിയോടെ ലൈഫ് മിഷനും ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോറിറ്റിയും ഈ കുടുംബങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ജിസിഡിഎയുടെ 70 സെന്റോളം ഭൂമിയില്‍ 14.61 കോടി രൂപയില്‍ എല്ലാവര്‍ക്കും വീട് ലഭ്യമായിരിക്കുകയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.
 

  മദ്യപിച്ച് ട്രെയിനിൽ കയറി, പെൺകുട്ടിയെ ശല്യം ചെയ്തു; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി 
 

 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു