യുവാക്കൾ ശല്യം ചെയ്തതോടെ പെൺകുട്ടി അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു
കണ്ണൂർ: മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ 3 യുവാക്കളെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിലാണ് യുവാക്കൾ പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയത്.
ഫയാസ്, മുഹമ്മദ് ഷാഫി, അബ്ദുൽ വാഹിദ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ ട്രെയിനിൽ വച്ച് ഉച്ചത്തിൽ പാട്ടുപാടുകയായിരുന്നു. മദ്യപിച്ച് ബഹളം വയ്‌ക്കുന്നതിനെ ട്രെയിനിലെ യാത്രക്കാരിയായ യുവതി ചോദ്യം ചെയ്തു. ഇവരോട് യുവാക്കൾ അപമര്യാദയായി പെരുമാറിയത്. മാഹിയിൽ നിന്നും ഏറനാട് എക്സ്പ്രസിൽ കയറിയതാണ് പ്രതികളായ മൂന്ന് പേരും.
കണ്ണൂരിൽ ഇറങ്ങേണ്ട ഇവർ വളപട്ടണം വരെ ട്രെയിനിൽ ബഹളം തുടർന്നു. ഇതോടെ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. വളപട്ടണം പോലീസ് മൂന്ന് പ്രതികളെയും പിടികൂടി. പിന്നീട് ഇവരെ ആർപിഎഫിന് കൈമാറി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി പൊലീസിന് രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന കുറ്റം (ഐപിസി 118) മൂവർക്കുമെതിരെ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
