
കൊച്ചി: കുണ്ടും കുഴിയും നിറഞ്ഞ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എറണാകുളത്തെ കുണ്ടന്നൂരിലെയും വൈറ്റിലയിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. മഴ മാറിനിന്നതോടെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇതോടെ ഇവിടങ്ങളിലെ ഗതാഗതക്കുരുക്കിന് നേരിയ ശമനമുണ്ട്.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 83 കിലോമീറ്റർ റോഡിൽ പല ഭാഗത്തായി 15 കിലോമീറ്ററോളമാണ് തകർന്നുകിടക്കുന്നത്. മേൽപ്പാല നിർമ്മാണം നടക്കുന്ന വൈറ്റിലയിലെയും കുണ്ടന്നൂരിലെയും ജംഗ്ഷനുകളിലെ റോഡിൽ സിമന്റ് കട്ടകൾ വിരിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. വൈറ്റിലയിലെ സർവ്വീസ് റോഡിലെ കുഴികൾ സിമന്റ് കട്ടകളിട്ട് നികത്തി.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ അധിക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ നിന്ന് കുണ്ടന്നൂർ വഴി തേവരയിലേക്ക് പോകുന്ന അപ്രോച്ച് റോഡിൽ വലിയ കുഴികളിൽ ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ഇന്നലെ മാത്രം 95,285 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് ദീർഘിപ്പിച്ചതും നിരക്കിൽ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
കൂടുതല്‍ വായിക്കാം; കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ; ശനിയാഴ്ച മാത്രം യാത്ര ചെയ്തത് ഒരുലക്ഷത്തോളം പേർ
ഓണ തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്റെ സമയം നീട്ടിയിട്ടുണ്ട്. ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്ക് അവസാന ട്രെയിൻ പുറപ്പെടുന്ന രീതിയിൽ ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ രാത്രി പത്തിനാണ് സര്‍വ്വീസ് അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam