
തൃശൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി കോടശേരി പഞ്ചായത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷത്തിന്‍റെ ആക്രമണം. ആക്രമണത്തില്‍ പ്രതിപക്ഷത്തെ രണ്ട് വനിതാ അംഗങ്ങളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പ്രതിപക്ഷത്തെ ശകുന്ദള വത്സന്‍, സജിത ഷാജി, വി ജെ വില്യംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശകുന്തള വത്സനെ ആക്രമിച്ചത് ചോദ്യം ചെയ്‌തതോടെയാണ് മറ്റ് രണ്ട് പേര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തിലും ഉന്തും തള്ളിലും കലാശിച്ചു. തിങ്കള്‍ വൈകീട്ട് നാലോടെയായിരുന്നു സംഭവം.
കഴിഞ്ഞ 26ന് നടന്ന ഹരിതകർമസേന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രുകാരിയല്ലാത്ത ഹരിതകര്‍മ സേനാംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷം പറയുന്നു. അന്നത്തെ അനുമോദന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അനുമോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നീക്കം നടത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുള്ള കര്‍മ്മസേന അംഗങ്ങളുടേതെന്ന് പറയുന്ന വ്യാജ പരാതി പ്രസിഡന്റ് സെക്രട്ടറിക്ക് നല്കിയെന്നാണ് പ്രതിപക്ഷം പറയുന്നത്.
പരാതി സംബന്ധിച്ച് പരാതി പരിഹാര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശവും പ്രസിഡന്റ് ചെവികൊണ്ടില്ലെന്ന് പ്രതിപക്ഷം പറയുന്നു. തിങ്കള്‍ ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന അജണ്ടയും ഉള്‍പ്പെടുത്തി. അജണ്ട ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. തുടര്‍ന്ന് അജണ്ട പാസാക്കിയതായി അറിയിച്ച് പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു. പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഹാളിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.
ഇതിനിടെയാണ് പ്രതിപക്ഷത്തെ വനിതാ അംഗത്തിന് തോളില്‍ ചവിട്ടേറ്റത്. ഇത് ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ മറ്റ് രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കും പരിക്കേറ്റു. ഇതോടെ ഇരുപക്ഷക്കാരും തമ്മില്‍ വാക്കേറ്റവും ബഹളവുമായി. ബഹളം അറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടിച്ചുകൂടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ പ്രവേശിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തു. വിവരമറിഞ്ഞത്തിയ പോലീസ് ഇടപെട്ടതോടെയാണ് ബഹളത്തിന് അയവ് വന്നത്.