
കൊല്ലം: കൊല്ലം ബീച്ചിൽ സഞ്ചാരികള്‍ അപകടത്തിൽ പെടുന്നത് വർധിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് ബീച്ചിൽ എത്തിയ 66 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് കടലിലും തീരത്തുമായി ഉണ്ടായ മാറ്റങ്ങളാണ് അപകട കെണികളായിമാറിയത്.
കൊല്ലം ബീച്ചില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ അപായ സൂചകമായി സ്ഥാപിച്ചിരിക്കുന്ന ഒരു ബോർഡാണ്. കൊല്ലം പോർട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേർന്ന് നാല് മീറ്റർ മുതല്‍ പതിനാറ് മീറ്റർ വരെ അഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. മുന്നറിയുപ്പുകള്‍ അവഗണിച്ച് തിരയില്‍ കാല്‍ നനയ്ക്കാൻ എത്തുന്നവരാണ് തിരയുടെ ചുഴിയില്‍പ്പെട്ട് അപകടത്തില്‍ പെടുന്നത്.
ഇത്തരത്തില്‍ രണ്ട് ആഴ്ച മുമ്പ് മുന്നറിയുപ്പുകള്‍ അവഗണിച്ച് കടലില്‍ ഇറങ്ങിയ നാല് പേർക്ക് ജീവൻ നഷ്ടമായി. അതിൽ രണ്ട് പേർ കോളേജ് വിദ്യാർത്ഥികളാണ്. കൊല്ലം ബീച്ചിനോട് ചേർന്നുള്ള കടലില്‍ മിക്ക സ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണന്ന് ലൈഫ് ഗാർഡുകളും പറയുന്നു.
കൊല്ലം ബീച്ചിലെ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. നിലവില്‍ നാല് ലൈഫ് ഗാർഡുകളാണ് ഇവിടെ ഉള്ളത്. ഇവർക്ക് ജീവൻ രക്ഷാ ഉപകരണങ്ങളും കുറവാണ്. കൂടുതല്‍ ലൈഫ് ഗാർഡുകളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന നഗരസഭയുടെ ഉറപ്പും നടപ്പായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam