'ഗ്രൂപ്പർ ഫിഷ് മുതൽ സ്റ്റാർ ഫിഷ് വരെ'; കാഴ്ചയുടെ വിസ്മയമൊരുക്കി കൊല്ലം മറൈൻ അക്വേറിയം

By Web TeamFirst Published Jul 14, 2019, 6:56 PM IST
Highlights

വിസ്മയ കാഴ്ചകളുമായി കൊല്ലം ബീച്ചിൽ ഒരുക്കിയ മറൈൻ അക്വേറിയം പൊതുജനങ്ങള്‍ക്കായി കോർപ്പറേഷൻ ഇന്ന് തുറന്ന് കൊടുത്തു. ഒന്നരകോടി രൂപ ചെലവിട്ടാണ് അത്യാധുനിക രീതിയിലുള്ള മറൈൻ അക്വേറിയം കൊല്ലം കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്.  

കൊല്ലം: ടെലിവിഷനിലും പുസ്തകങ്ങളിലും മാത്രം കണ്ട് പരിചയമുള്ള കടലിലെ വിസ്മയ കാഴ്ചകള്‍ കാണാൻ അവസരം ഒരുക്കി കൊല്ലം കോർപ്പറേഷൻ. വിസ്മയ കാഴ്ചകളുമായി കൊല്ലം ബീച്ചിൽ ഒരുക്കിയ മറൈൻ അക്വേറിയം പൊതുജനങ്ങള്‍ക്കായി കോർപ്പറേഷൻ ഇന്ന് തുറന്ന് കൊടുത്തു. ഒന്നരകോടി രൂപ ചെലവിട്ടാണ് അത്യാധുനിക രീതിയിലുള്ള മറൈൻ അക്വേറിയം കൊല്ലം കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്.

കറുപ്പും സ്വ‍ർണവും കലർന്ന ഗ്രൂപ്പർ ഫിഷ്, ഓസ്കാർ, സ്മോക്ക് ഫിഷ്, കടലിലെ അടിത്തട്ടില്‍ കാണുന്ന സ്റ്റാർ ഫിഷ് തുടങ്ങി വൈവിധ്യമാർന്ന  ഇരുപതിലധികം ഇനം കടല്‍ അലങ്കാര മത്സ്യങ്ങളാണ് മറൈൻ അക്വേറിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഹാർബർ എൻജിനിയറിങ്ങ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് ഈ വിസ്മയകാഴ്ച ഒരുക്കിയത്.

ഒരോ മത്സ്യത്തിനും ആവശ്യമായ ആവാസവ്യവസ്ഥയാണ് ചില്ല് കൂടിന് ഉള്ളില്‍ ഒരുക്കിയിട്ടുള്ളത്. ചില്ലുകൂടുകള്‍ ഒരുക്കാൻ മാത്രം 25 ലക്ഷം രൂപയാണ് ചിലവിട്ടത്. ആദ്യ രണ്ട് മാസം ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ്  മറൈൻ അക്വേറിയത്തിന്റെ മേല്‍നോട്ട ചുമതല. തുടർന്ന് അക്വേറിയത്തിന്റെ ചുമതല മറ്റൊരു ഏജൻസിയെ ഏല്‍പ്പിക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനമെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസി പറഞ്ഞു. 

click me!