
കൊല്ലം: ചടയമംഗലം ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാറില്‍ സഞ്ചാരികള്‍ കുടുങ്ങിയാല്‍ രക്ഷിക്കുന്നതിനുള്ള മോക്ക്ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കൊല്ലം കളക്ടര്‍. ജില്ലയില്‍ ഏതുവിധത്തിലുള്ള ദുരന്ത സാഹചര്യം ഉണ്ടായാലും അത് നേരിടാന്‍ സുസജ്ജ സംവിധാനമാണ് നിലവിലുള്ളതെന്ന് മോക്ക്ഡ്രില്‍ വിശദീകരിച്ച് കളക്ടര്‍ പറഞ്ഞു. കേബിള്‍ കാര്‍ പ്രവര്‍ത്തിക്കവെ വൈദ്യുതി നിലയ്ക്കുകയും ജനറേറ്റര്‍ പ്രവര്‍ത്തനരഹിതവുമായാല്‍ എന്തു ചെയ്യുമെന്നാണ് കളക്ടര്‍ വിശദമാക്കുന്നത്.
മോക്ക്ഡ്രിലിനെ കുറിച്ച് കളക്ടര്‍ പറഞ്ഞത്: ''ഏതുവിധത്തിലുള്ള ദുരന്ത സാഹചര്യം ഉണ്ടായാലും അതുനേരിടാന്‍ സുസജ്ജ സംവിധാനമാണ് നിലവിലുള്ളത്. ചടയമംഗലം ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള മാതൃകാരക്ഷാദൗത്യം (മോക്ക്ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. കേബിള്‍ കാര്‍ പ്രവര്‍ത്തിക്കവെ വൈദ്യുതി നിലയ്ക്കുകയും കരുതല്‍ സംവിധാനമായ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതവുമായ സാഹചര്യത്തില്‍ കുടുങ്ങിയ രണ്ടു പേരെയാണ് കേന്ദ്രദുരന്ത നിവാരണസേനയുടെ (എന്‍ ഡി ആര്‍ എഫ്) കൂടി സഹായത്തോടെ രക്ഷിച്ചത്. അപായമുന്നറയിപ്പ് അലാം മുഴങ്ങിയതോടെ ജില്ലാ ദുരന്ത നിവരാണ അതോറിറ്റിക്ക് തത്സമയവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിസുരക്ഷ, പൊലിസ്, മോട്ടര്‍ വാഹന വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ-ആരോഗ്യ വകുപ്പുകള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.''
''സംഭവത്തിന്റെ തീവ്രത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ അധികാരം വിനിയോഗിച്ചു. കേന്ദ്ര ദുരന്തനിവാരണ സേനയുടെ സേവനം വിനിയോഗിച്ചു. ടീം കമാന്‍ഡര്‍ എ കെ ചൗഹാന്റെ നേതൃത്വത്തിലുള്ള 25 അംഗസംഘം സംസ്ഥാന ദുരന്തനിവാരണ സംഘവുമായി ചേര്‍ന്ന് കേബിള്‍ കാറില്‍ കുടുങ്ങിയ രണ്ടു പേരെയും രക്ഷപെടുത്തി. ഇവരെ സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ ആവശ്യമായ പ്രാഥമികശുശ്രൂഷ നല്‍കി വിവിധ ആശുപത്രികളിലേക്ക് മാറ്റിയതോടെയാണ് മോക്ക്ഡ്രില്‍ അവസാനിച്ചത്. പഴുതടച്ച സംവിധാനവും കൃത്യമായ ഏകോപനവുംവഴി രക്ഷാദൗത്യം പൂര്‍ത്തിയാക്കാനായി. എ ഡി എം, പുനലൂര്‍ ആര്‍ ഡി ഒ, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവരടങ്ങുന്ന വിപുലസംഘമാണ് രക്ഷ ദൗത്യത്തില്‍ പങ്കെടുത്തത്.''
ടൊയോട്ട വിൽപ്പന വളർച്ച തുടരുന്നു; കിയ, ഹോണ്ട, എംജി തുടങ്ങിയവരെ പിന്നിലാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam