
കൊല്ലം : കടംവാങ്ങിയ ഇരുനൂറു രൂപ തിരിച്ച് കൊടുക്കാഞ്ഞതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കൊല്ലം കടയ്ക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കടയ്ക്കൽ മണലുവട്ടം സ്വദേശിയായ റിയാസിനാണ് മര്‍ദനത്തിൽ പരിക്കേറ്റത്.
ഓട്ടോറിക്ഷ ഡ്രൈവറായ സദാശിവനും ഇയാളുടെ ബന്ധുവായ മിനിയും ചേർന്ന് ആക്രമിച്ചെന്നാണ് റിയാസിന്റെ പരാതി. ഞായറാഴ്ച്ച വൈകിട്ട് മണലുവട്ടം ജക്ഷനിൽ വച്ചായിരുന്നു മര്‍ദനം. സദാശിവനിൽ നിന്ന് റിയാസ് 200 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാതായപ്പോൾ മിനി വിറകു കക്ഷണം എടുത്ത് റിയാസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്തുവീണ റിയാസിനെ പിന്നാലെയെത്തിയ സദാശിവനും ആക്രമിച്ചു. തലയ്ക്കും കൈക്കും പരിക്കേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിൽസ തേടി. സദാശിവനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവായ മിനി ഒളിവിലാണ്. പണം തിരികെ ചോദിച്ചതിന് റിയാസാണ് തങ്ങളെ ആക്രമിച്ചതെന്നാണ് സദാശിവന്റെ കുടുംബം പറയുന്നത്.
അതേസമയം കൊല്ലം ഇരവിപുരത്ത് ലൈസ് പാക്കറ്റ് നൽകാത്തതിന് യുവാവിനെ മദ്യപ സംഘം മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊട്ടറ്റോ ചിപ്പ്സ് നൽകാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് ആക്രമണത്തിന് ഇരയായ നീലകണ്ഠൻ പറയുന്നത്.
കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠൻ്റെ പരാതി. തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് നീലകണ്ഠൻ പറയുന്നു. അക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമത്തിൽ സാരമായി പരിക്കേറ്റ നീലകണ്ഠനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.