
കൊല്ലം: കൊല്ലത്ത് വയോധികനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെടുത്ത സീരിയൽ നടിയെയും സുഹൃത്തിനെയും കുടുക്കിയത് പണത്തോടുള്ള ആർത്തി. അഭിഭാഷകയും സീരിയൽ നടിയുമായ നിത്യ ശ്രീയാണ് സുഹൃത്തായ ബിനുവിന്‍റെ സഹായത്തോടെ വിമുക്ത ഭടനും റിട്ട. സർവ്വകലാശാല ജീവനക്കാരനുമായ 75 കാരനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്തത്. പണത്തോടുള്ള ആർത്തികാരണം വീണ്ടും 25 ലക്ഷം രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പരവൂർ പൊലീസ് പറഞ്ഞു.
11 ലക്ഷം രൂപ ലഭിച്ചിട്ടും പ്രതികളുടെ ആർത്തി അവസാനിച്ചില്ല. വയോധികനെ ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുക്കാമെന്ന് നിത്യ ശ്രീയും സുഹൃത്തും കണക്കാക്കി. തുടർന്ന് 25 ലക്ഷം കൂടി വേണമെന്നും ഇല്ലെങ്കിൽ നഗ്ന ചിത്രം പുറത്ത് വിടുമെന്നും ഇവർ വയോധികനെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് 75 കാരൻ പൊലീസിനെ സമീപിച്ചതും പ്രതികള്‍ കുടുങ്ങിയതും. പരാതിയിൽ കേസെടുത്ത കൊല്ലം പരവൂർ പൊലീസ് സീരിയിൽ നടിയെയും സുഹൃത്തിനെയും തന്ത്രപൂർവ്വം അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് അഭിഭാഷക കൂടിയായ നിത്യ ശശി. മെയ് 24ന് വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ചാണ് നിത്യ ഫോണിലൂടെ ബന്ധം സ്ഥാപിക്കുന്നത്. തുടരെയുള്ള ഫോൺ വിളിയിലൂടെ നിത്യ പതിയെ വയോധികനെ സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ നിത്യയുടെ ക്ഷണം അനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലെത്തി. വീട്ടിലെത്തിയ വയോധികനെ വിവസ്ത്രനാക്കിയ നിത്യ തനിക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുത്തു. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം നിത്യയുടെ ആണ്‍സുഹൃത്തായ ബിനുവും വീട്ടിലെത്തി. തുടർന്ന് വയോധികന്റെ ബന്ധു കൂടിയായ ബിനുവും നിത്യയും ഇയാളെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുത്തു.
ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും 25 ലക്ഷം രൂപ വേണമെന്നും ഇരുവരും വയോധികനെ ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ വയോധികൻ 11 ലക്ഷം രൂപ പ്രതികള്‍ക്ക് നൽകി. എന്നാല്‍ 11 ലക്ഷം രൂപ ലഭിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇരുവരും ബ്ലാക്ക്മെയിൽ തുടന്നതോടെയാണ് ഈ മാസം 18ന് വയോധികൻ പരവൂർ പൊലീസിൽ പരാതി നൽകിയത്. ഇതോടെ നടിയും സുഹൃത്തും മുങ്ങി. ഒടുവിൽ പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..