
കൊല്ലം: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ കച്ചവടക്കാരായ അച്ഛനെയും മകനെയും എക്സൈസ് പിടികൂടി. തിരുവനന്തപുരം അവനവഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി മുഹമ്മദ് നൗഷീറിനേയും മകൻ ഉനൈസിനെയുമാണ് 100 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടികൂടിയത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലത്തെ വിവിധ സ്കൂൾ, കോളേജ് പരിസരങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രിവന്റീവ് ഓഫീസർ ഷിബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവിപ്രസാദ്, ഷജീർ, സജിത്ത്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെരീഫ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ വടക്കാഞ്ചേരി എക്സൈസ് റേഞ്ച് സംഘം അകമല കണ്ണംമ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി കണ്ണംമ്പാറ സ്വദേശി ജയപ്രകാശൻ (53 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമൺ, എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഗിരീഷ്.കെ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ മോഹൻദാസ്.കെ.എൻ, ബിനു.എം.കെ, പ്രശാന്ത്.വി, ഷാജി.കെ.വി, സിവിൽ എക്സൈസ് ഓഫീസർ ഇ.പി.സനീഷ് എന്നിവരാണ് കേസ് കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam