ഹോട്ടലില്‍ സ്വന്തം ക്യൂആര്‍ കോഡ്; കോട്ടയത്ത് മാനേജര്‍ തട്ടിച്ചത് ലക്ഷങ്ങള്‍

By Web TeamFirst Published Nov 25, 2021, 10:37 AM IST
Highlights

ഹോട്ടലില്‍ ഭക്ഷണം വാങ്ങുവാന്‍ എത്തുന്ന ഉപയോക്താക്കള്‍ പണം ഗൂഗിള്‍ പേ, മറ്റ് യുപിഐ വഴികളില്‍ കൂടി അടയ്ക്കുമ്പോള്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 

കോട്ടയം: ഹോട്ടലില്‍ സ്വന്തം അക്കൌണ്ടിന്‍റെ ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിച്ച് പണം തട്ടിയ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിയായ ബിനോജ് കൊച്ചുമോന്‍ (42) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്യുന്ന കോട്ടയം കളത്തില്‍പടി ഷെഫ് മാര്‍ട്ടില്‍ ഹോട്ടലില്‍ നിന്നും രണ്ട് ലക്ഷത്തിലേറെ രൂപ തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ ഭക്ഷണം വാങ്ങുവാന്‍ എത്തുന്ന ഉപയോക്താക്കള്‍ പണം ഗൂഗിള്‍ പേ, മറ്റ് യുപിഐ വഴികളില്‍ കൂടി അടയ്ക്കുമ്പോള്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലപ്പോഴും ഇയാള്‍ ഹോട്ടല്‍ ഉടമയുടെ അക്കൌണ്ടിന്‍റെ ക്യൂആര്‍ കോഡിന് പകരം ഉപയോക്താവിന് സ്കാന്‍ ചെയ്യാന്‍ നല്‍കുന്നത് സ്വന്തം അക്കൌണ്ടിന്‍റെ ക്യൂആര്‍ കോഡാണ്. ഇത് വഴി ബിനോജ് കൊച്ചുമോന്‍റെ അക്കൌണ്ടിലേക്ക് പണം എത്തും.

എന്നാല്‍ അടുത്തകാലത്തായി ഹോട്ടലില്‍ നിന്നും ഓണ്‍ലൈന്‍ പേമെന്‍റ് വരുമാനം നന്നെ കുറയുന്നത് ശ്രദ്ധയില്‍പെട്ട ഹോട്ടല്‍ ഉടമ ഇത് പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ നോക്കി. ഇതില്‍ നിരവധി ഉപയോക്താക്കള്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കുന്നുണ്ടെന്ന് വ്യക്തമായി. ഇതിലൂടെ തന്നെ വലിയ തട്ടിപ്പ് ഉടമയ്ക്ക് മനസിലായി.

ഇതിനെ തുടര്‍ന്ന് തന്‍റെ ഒരു സുഹൃത്തിനെ ഉടമ ഹോട്ടലിലേക്ക് പറഞ്ഞുവിട്ടു. ഭക്ഷണം കഴിച്ച ശേഷം സ്കാന്‍ ചെയ്ത് പണം അടച്ച് ബില്ല് ചോദിച്ചു. എന്നാല്‍ മാനേജര്‍ ബില്ല് നല്‍കിയില്ല. നിര്‍ബന്ധിച്ചപ്പോഴാണ് ബില്ല് നല്‍കിയത്. ഇത് പരിശോധിച്ച ഹോട്ടല്‍ ഉടമ ഇതിന്‍റെ പണം അക്കൗണ്ടില്‍ എത്തിയില്ലെന്ന് മനസിലാക്കി നടത്തിയ പരിശോധനയില്‍ മാനേജറുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

click me!