
കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞത് മതിയായ രേഖകള്‍ ഹാജരാക്കത്തത് കൊണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു. ഫയർ, പൊലുഷൻ അടക്കം അഞ്ചു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ അടുത്ത നിമിഷം ഷാജിമോന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ കൊടുക്കുമെന്നാണ് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഉറപ്പ്. ഷാജിയോട് പ്രശ്നങ്ങളില്ലെന്നും ഇന്ന് മുതൽ നടത്താനിരിക്കുന്ന സമരം പിന്‍വലിച്ച് സര്‍ട്ടിഫിക്കറ്റുകളെത്തിച്ചാല്‍ എല്ലാ ആശയക്കുഴപ്പങ്ങളും തീര്‍ക്കാമെന്നും പ്രസിഡന്‍റ് പറയുന്നു.
എന്നാൽ, തന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിന് ശേഷമാണ് ഈ അഞ്ച് കാര്യങ്ങളിലേക്ക് പ്രസിഡന്‍റ് ചുരുക്കിയതെന്ന് ഷാജിമോന്‍റെ മറുപടി. ഇപ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളെല്ലാം പലപ്പോഴായി എത്തിച്ചിട്ടും അനേകം അനേകം സാങ്കേതികതകള്‍ നിരത്തി എന്തിന് തനിക്ക് നോട്ടീസ് നല്‍കിയ എന്ന മറുചോദ്യവും ഷാജി ഉയര്‍ത്തുന്നു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും മറുപടി നല്‍കി.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ നിസാര കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ കെട്ടിട നമ്പർ നിഷേധിക്കുന്നെന്നാണ് കോട്ടയം മാഞ്ഞൂരിലെ പ്രവാസി സംരംഭകൻ
ഷാജി മോൻ ജോർജിന്റെ പരാതി. സ്വന്തം നാട്ടിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വഴി മുടക്കി നിൽക്കുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെ പഞ്ചായത്തിനു മുന്നിൽ സത്യഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് ഷാജി മോൻ ജോർജ്. ഇന്ന് രാവിലെ പത്തു മണി മുതലാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ഷാജിമോന്‍ ജോര്‍ജിന്‍റെ ധര്‍ണ സമരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam