
കോഴിക്കോട്: വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ ഗോഡ്‌സണ്‍ ജോമോനെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. മലപ്പുറം തിരൂര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് നടപടി.
ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ട്രെയിനര്‍മാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോള്‍ തനിക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നതടക്കമുള്ള ഭീഷണിയാണ് പ്രയോഗിക്കാറുള്ളത്. മാത്രമല്ല ഓരോരോ കാരണം പറഞ്ഞ് ശമ്പളം നൽകാതെ നീട്ടിക്കൊണ്ടുപോവുകയും പിന്നീട് പിരിച്ച് വിടുകയും ചെയ്യുന്നതായിരുന്നു ഗോഡ്‌സണിന്റെ രീതി. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കി പുതിയ ട്രെയിനര്‍മാരെ നിയമിക്കുകയും ചെയ്യും. ഇത്തരത്തില്‍ പുതിയതായി ട്രെയിനർമാരെ ജോലിക്കെടുത്തിരുന്നു. ഇതിനിടയിലാണ് വനിതാ ട്രെയിനർ പരാതി നൽകിയത്. കൃത്യമായി ശമ്പളം നല്‍കാതിരുന്നു ഇയാള്‍ സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് എടുത്തെന്ന് ബോധ്യമായ ഉടന്‍ പ്രതി ഒളിവില്‍ പോയി. ഒരാഴ്ചയായി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ജിംനേഷ്യത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശാനുസരണം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് എത്തിയ നടക്കാവ് എസ് ഐ ലീല വേലായുധന്‍, എ എസ് ഐ വിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിഹാബുദീന്‍, രജിത്ത്, ദിപിന്‍ എന്നിവര്‍ക്ക് നേരെ പ്രതി കൈയ്യേറ്റ ശ്രമം നടത്തി. ഒടുവിൽ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഗോഡ്‌സണിനെ കീഴ്‌പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam