Kozhikode beach : നിരോധനം നീക്കി; ഉപ്പിലിട്ടത് തിരിച്ചെത്തി; കോഴിക്കോട് ബീച്ചിലെ കച്ചവടക്കാര്‍ ഹാപ്പി.!

Web Desk   | Asianet News
Published : Feb 22, 2022, 07:43 AM IST
Kozhikode beach : നിരോധനം നീക്കി; ഉപ്പിലിട്ടത് തിരിച്ചെത്തി; കോഴിക്കോട് ബീച്ചിലെ കച്ചവടക്കാര്‍ ഹാപ്പി.!

Synopsis

കാണുമ്പോൾ തന്നെ വായിൽ വെളളമൂറും.ചില്ലുഭരണിയിലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൈതച്ചക്കയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുകയും ചെയ്യും. 

കോഴിക്കോട്:  നിരോധനം നീങ്ങി കച്ചവടം സാധാരണ രീതിയിലാകുന്നതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കച്ചവടക്കാർ. മാരക രാസ പദാർത്ഥങ്ങൾ കലർത്തി ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കെത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം എല്ലാവർക്കും നിരോധനമേർപ്പെടുത്തിയ കോർപ്പറേഷൻ നടപടി ശരിയായിരുന്നില്ലെന്നും ഇവർ പറയുന്നു. ബോധവത്കരണ ക്ലാസും സുരക്ഷ പരീശലനത്തിനും ശേഷമാണ് കടകൾ വീണ്ടും തുറന്നത്.

കാണുമ്പോൾ തന്നെ വായിൽ വെളളമൂറും.ചില്ലുഭരണിയിലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൈതച്ചക്കയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുകയും ചെയ്യും. ബീച്ചിലെത്തുന്ന എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇനം.എന്നാൽ ദിവസങ്ങളായി, ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും കോഴിക്കോട് ബീച്ചിൽ വിലക്കിയിരുന്നു. 

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ബീച്ചിൽ വെച്ച് ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ കഴിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാസർഗോഡ് സ്വദേശിക്ക് പൊള്ളലേൽക്കാൻ ഇടയായ സാഹചര്യത്തിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഗ്ലേഷ്യല്‍ അസറ്റിക്  ആസിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിലക്ക് എര്‍പ്പെടുത്തിയത്.

എന്നാല്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കോഴിക്കോട് ബീച്ചിൽ മാത്രം 90 എണ്ണമുണ്ട്. കച്ചവടം താത്ക്കാലികമായി നിർത്തിയതോടെ മിക്കവരുടെയും ജീവിതം വഴിമുട്ടി. പ്രതിഷേധങ്ങളും പരാതികളും രൂക്ഷമായപ്പോൾ മേയർ ഇവരെ ചർച്ചക്ക് വിളിച്ചു. പരിശീലനവും ബോധവത്കരണവും നൽകി. പുത്തനുണർവോടെയാണ് ഇറങ്ങുന്നതെന്ന് കച്ചവടക്കാർ

ഉപ്പിലിട്ടത് ദിവസങ്ങൾക്കകം തിരിച്ചെത്തിയപ്പോൾ, കടൽക്കരയിൽ കാറ്റുകൊളളാനെത്തിയവർക്കും സന്തോഷം കർശന നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും ഉറപ്പാക്കിയാവും ബീച്ചിലെ കടകടളുടെ പ്രവർത്തനമെന്ന് കോർപ്പറേഷൻ.ഉന്തുവണ്ടിയിൽ ലൈസൻസും തിരിച്ചറിയൽ കാർഡും സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെതുൾപ്പെടെ പരിശോധന എപ്പോൾ വേണമെങ്കിലുമുണ്ടാകാം. പിടിവീണാൽ കർശന നടപടി ശുചിത്വവും സുരക്ഷയും ഉറപ്പാക്കാനുളള തീരുമാനം ഏറെ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഉപ്പിലിട്ടതിൽ ചേർക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തൽ,പിടിച്ചെടുത്തത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ച വിദ്യാർത്ഥിക്ക് കടുത്ത ആരോ​ഗ്യ പ്രശ്നങ്ങൾ വന്നിരുന്നു. ഇതേത്തുടർന്ന് കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് പിടിച്ചെടുത്ത കന്നാസുകളില്‍ ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്തതും തട്ടുകടകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇത് അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ചത് കുടിച്ചതാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ അവശ നിലിയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിഗമനം. രണ്ട് തട്ട് കടകളില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം പരിശോധനക്ക് എടുത്തിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 99 ശതമാനം ഗാഢ അസറ്റിക്ക് ആസിഡായ ഇത് കുടിച്ചാലോ ദേഹത്ത് വീണാലോ പൊള്ളല്‍ ഏല്‍ക്കും.

അതിനാല്‍ തട്ടുകടയില്‍ അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ച ഗ്ലേഷ്യല്‍ അസറ്റിക്ക് ആസിഡ് കുട്ടി കുടിച്ചെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ അനുമാനം. ഗ്ലേഷ്യല്‍ ആസിഡ് നേരിട്ട് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുകയോ തട്ടുകടകളി‍ല്‍ സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണ്. വിനാ​ഗിരി ആണെങ്കില്‍ പോലും നിശ്ചിത ഗുണ നിലവാരമുള്ളതേ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാവൂ. തട്ടുകടകളിലെ ഉപ്പിലിട്ടതിന്‍റെ കുപ്പികളില്‍ നിന്ന് മൂന്ന് സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഇവയില്‍ പക്ഷെ അസറ്റിക് ആസിഡിന്‍റെയോ നിരോധിത വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം