കോഴിക്കോട് ബീച്ചില്‍ നാളെ മുതല്‍ പ്രവേശനം

By Web TeamFirst Published Oct 2, 2021, 6:28 AM IST
Highlights

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല.

കോഴിക്കോട്: ജില്ലയിലെ കള്‍ച്ചറല്‍ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍  പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാ യിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍  സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. 

മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി  ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തില്‍ തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിര്‍ബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളില്‍ പ്രദര്‍ശിപ്പിക്കണം.

മാലിന്യം  വലിച്ചെറിയുന്നവരില്‍ നിന്നും കോര്‍പറേഷന്‍ പിഴ ഈടാക്കുന്നതായിരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ബീച്ച് തുറക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
 

click me!