തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Published : Oct 02, 2021, 06:25 AM ISTUpdated : Oct 02, 2021, 06:30 AM IST
തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്

Synopsis

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും

കോഴിക്കോട്: കേരളത്തില്‍ തീര്‍ത്ഥാടന ടൂറിസം (Pilgrimage Tourism) പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം വകുപ്പ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് (P A Muhammed Riyas) . ലോകനാര്‍കാവ് പൈതൃക ടൂറിസം അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആപ്പില്‍ ലോകനാര്‍കാവിനേയും പയംകുറ്റിമലയേയും ഉള്‍പ്പെടുത്തും. പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് നിലവിലെ ലോകനാര്‍കാവിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. വിനോദ സഞ്ചാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി 60 ലക്ഷം രൂപ ഭരണാനുമതിയായിട്ടുണ്ട്. ക്ഷേത്ര സംസ്‌ക്കാര പാരമ്പര്യത്തില്‍ ലോകനാര്‍കാവ് മുന്‍പന്തിയിലാണ്. പാരമ്പര്യത്തിനൊത്ത പ്രാധാന്യം ലോകനാര്‍കാവിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വടകര പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പയംകുറ്റിമല സന്ദര്‍ശിച്ചതിന് ശേഷം നടന്ന ഉന്നതതല  യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പടുത്തി കഴിഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കുമിടയില്‍ അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും.
പയംകുറ്റിമല കാരവന്‍ പാര്‍ക്കിന് അനുയോജ്യമായ പ്രദേശമാണ്. കാരവന്‍ ഇത്രയും നാള്‍ ഉന്നത സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് മാത്രം പ്രാപ്യമായതായിരുന്നു. ഈ അവസ്ഥയാണ് മാറാന്‍ പോകുന്നത്.
കാരവന്‍ പാര്‍ക്ക് പ്രാവര്‍ത്തികമാവുന്നതോടെ പ്രാദേശിക മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും. പല ടൂറിസം പ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവന്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നത്. സഞ്ചാരികള്‍ക്ക് പ്രാദേശിക തനത് ഭക്ഷണം രുചിച്ചറിയാനുള്ള അവസരവും ഉണ്ടാകും.

ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രമാണ് ലക്ഷ്യമാക്കുന്നത്. പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് ശ്രമം നടത്തും. പയംകുറ്റിമലയുടെയും ലോകനാര്‍കാവിലേയും ടൂറിസം സാധ്യത ഫലപ്രദമായി വിപുലീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഈ പ്രദേശങ്ങളുടെ വികസന സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടറോടും ഡി.ടി.പി.സി സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു.

പ്രാദേശിക കലാകാരന്‍മാര്‍ക്ക് കലകള്‍ അവതരിപ്പിക്കാനുള്ള അവസരം ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കും.
ലോകനാര്‍കാവ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പയംകുറ്റിമല. ഈ മലയുടെ മുകളില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവര്‍ നിര്‍മ്മാണം, കോമ്പൗണ്ട് വാള്‍, കഫ്റ്റീരിയ, ലാന്‍ഡ്സ്‌കേപ്പിംഗ്, പാത്ത് വേ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായി കഴിഞ്ഞു.

കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി , വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള കെ.കെ, വിനോദ സഞ്ചാര വകുപ്പ് ജോ.ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ