
കോഴിക്കോട്: കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വീടിനു സമീപത്തെ പൊതുകിണറിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോഴാണ് അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും.
അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളറട ആനപ്പാറയ്ക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് കടയുടെ ചുവരിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ കുട്ടപ്പന്റെയും അനിതയുടേയും മകൻ അനീഷ്(28) ആണ് മരിച്ചത്. സംഭവ സമയം അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാച്ചാണി സ്വദേശി ജയകൃഷ്ണനാണ് (24) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആനപ്പാറ-ആറാട്ടുകുഴി റോഡിൽ മാവുവിളയിലെ വളവിലായിരുന്നു അപകടം. നെട്ട ഭാഗത്തുനിന്ന് ആനപ്പാറയിലേക്ക് വരികയായിരുന്ന ബൈക്ക് സമീപത്തുള്ള കടയുടെ ചുവരിലേക്കിടിച്ചു കയറുകയായിരുന്നു. അനീഷിന്റെ തലയ്ക്കും ജയകൃഷ്ണന്റെ കാലിനുമാണ് പരിക്കേറ്റത്. നനാട്ടുകാരുടെ സഹായത്തോടെ ഇവരെ ആനപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അനീഷിനെ രക്ഷിക്കാനായില്ല. ആര്യയാണ് മരിച്ച അനീഷിന്റെ ഭാര്യ: മകൻ ആദിഷ്.