
കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതികളെ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നമംഗലം പൊലീസാണ് പ്രതികളെ സമര്‍ത്ഥമായി വലയിലാക്കിയത്. മലപ്പുറം കൊണ്ടോട്ടിയിലെ മേലങ്ങാടി പാറയില്‍ വീട്ടില്‍ പി മുഹമ്മദ് ഷാഫി(30), പട്ടാമ്പി പരദൂര്‍ സ്വദേശിയായ മുഹമ്മദ് ഷെബീല്‍(28), മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വല്ലിയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍(28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട അനാഥയായ സ്ത്രീയെ മൂന്ന് പേരും ചേര്‍ന്ന് കുന്നമംഗലത്തെ ഓടയാടി എന്ന പേരിലുള്ള ഫ്‌ളാറ്റില്‍ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റതിന് തുടര്‍ന്ന് ഇവര്‍ ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇരയുടെ മൊഴിയെടുക്കാന്‍ കഴിയാത്തത് പ്രതിസന്ധിയിലാക്കി. ഇരയെ പിന്നീട് മലപ്പുറം പുളിക്കലുള്ള ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഇരയുടെ മൊഴിയെടുക്കാനാവുന്ന സാഹചര്യത്തില്‍ എത്തിയപ്പോള്‍ അന്വേഷണസംഘം ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ ഒഴിവാക്കിയതും താമസ സ്ഥലത്തു നിന്ന് മാറിയതും ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. തുര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് ഇവര്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ എത്തി ഫോട്ടോ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോ ഇരയെ കാണിച്ച ശേഷം ഇവര്‍ തന്നെയാണ് കുറ്റക്കാര്‍ എന്നുറപ്പിക്കുകയും ചെയ്തു.
പിന്നീടുള്ള ഘട്ടം ഇവരെ പിടികൂടലായിരുന്നു. സി ഐ ശ്രീകുമാര്‍, എസ്.ഐമാരായ സനീത്, സന്തോഷ്, സുരേഷ്, എ.എസ്.ഐ അലീന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിശോഭ്, പ്രമോദ്, അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ എന്നിവരുള്‍പ്പെട്ട സംഘം മൂന്ന് ടീമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. പ്രതികളെ കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പിടികൂടുകയായിരുന്നു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത് രാജേഷ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam