
കോഴിക്കോട്: മുക്കുപണ്ടം പണയംവച്ച് (Fake gold): അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പൊലീസ് (Kasaba police) പിടികൂടി. കൊയിലാണ്ടി കാപ്പാട് പാടത്തുകുനി വീട്ടിൽ അലി അക്ബർ (22) കോഴിക്കോട് കോർപ്പറേഷനു സമീപം നൂറി മഹൽ വീട്ടിൽ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടിഎസ് ശ്രീജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കല്ലായി പാലത്തിന് സമീപത്തുള്ള പണമിടപാട് സ്ഥാപനത്തിൽ ഉച്ചയോടു കൂടി തിരക്കുള്ള സമയത്ത് പണയം വെക്കുന്നതിനായി വ്യാജ സ്വർണ്ണം കൊണ്ടുവരികയും പണത്തിനായി തിരക്കുകൂട്ടുകയും ചെയ്തതിൽ സംശയം തോന്നിയ സ്ഥാപന ഉടമകൾ സ്വർണ്ണം വിശദമായി പരിശോധിക്കുകയും വ്യാജ സ്വർണ്ണമാണെന്ന് മനസ്സിലാക്കിയ ശേഷം ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം ലഭിച്ച സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റെതെങ്കിലും സ്ഥാപനത്തിൽ ഇവർ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കസബ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എസ് അഭിഷേക് സീനിയർ സിപിഒ-മാരായ എംകെ സജീവൻ, ജെ ജെറി,സിപിഒ വികെ പ്രണീഷ്, വനിതാ സിപിഒ വി.കെ സറീനാബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam