കോഴിക്കോട് വന്‍ ലഹരിവേട്ട: 50 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി പിടിയിൽ

By Web TeamFirst Published Jul 22, 2019, 8:46 PM IST
Highlights

വെസ്റ്റ് ഗോതാവരി സ്വദേശി സ്വദേശി ഗുണ സുബ്ബറാവുവാണ് പിടിയിലായത്. 10 കിലോ വീതമുള്ള അഞ്ചു പാക്കുകളായി സൂക്ഷിച്ച കഞ്ചാവ് വിജയവാഡയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.   

കോഴിക്കോട്: ട്രെയിൻ മാർഗം ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി കോഴിക്കോട് ഒരാൾ പിടിയിൽ. വെസ്റ്റ് ഗോതാവരി സ്വദേശി സ്വദേശി ഗുണ സുബ്ബറാവുവാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയില്‍ മാര്‍ഗ്ഗം വ്യാപകമായി കഞ്ചാവ് കേരളത്തിലെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി റെയില്‍വേ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനക്കിടെയാണ് ഗുണ സുബ്ബറാവു പൊലീസിന്റെ പിടിയിലാകുന്നത്. 10 കിലോ വീതമുള്ള അഞ്ചു പാക്കുകളായി സൂക്ഷിച്ച കഞ്ചാവ് വിജയവാഡയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

താൻ ഇടനിലക്കാരൻ മാത്രമാണെന്നും ഇതിന് മുമ്പും കഞ്ചാവ് കോഴിക്കോട്ടെത്തിച്ചിട്ടുണ്ടെന്നും ഗുണ സുബ്ബറാവു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കഞ്ചാവ് കോഴിക്കോട്ടെ വിതരണക്കാര്‍ക്കെത്തിച്ചതെന്നാണ് പ്രതി നൽകിയ വിവരം. രണ്ടു വിതരണക്കാരുടെ ഫോണ്‍നമ്പറും ഇയാളില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിവൈഎസ് പി ഷറഫുദിന്‍, സിഐ എം കെ കീർത്തി ബാബു, എസ് ഐമാരായ ജംഷീര്‍ സക്കീര്‍, ജെയിംസ് സതീഷ്, വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

click me!