കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

Published : May 24, 2025, 11:40 AM IST
കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

Synopsis

വൈദ്യുതി ബന്ധം തകരാറിലായും കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കോഴിക്കോട്: ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, ചെറുവാടി എന്നിവിടങ്ങളിലാണ് പ്രധാനമായും നഷ്ടങ്ങളുണ്ടായത്.

കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ആക്കോട്ട് ചാലില്‍ സുബിന്‍ എന്ന യുവകര്‍ഷകന്റെ 300 ഓളം വാഴകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. കുലകള്‍ വിളവെടുപ്പിന് പാകമായ നിലയിലുള്ള വാഴകളാണ് നശിച്ചത്. ആറാം വാര്‍ഡില്‍ തോട്ടക്കാട് സ്വദേശിയായ പുതിയോട്ടില്‍ ഭാസ്‌കരന്‍ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ശക്തമായി പെയ്ത മഴയില്‍ വീടിന്റെ മുറ്റം ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു. വീട് അപകട ഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്.

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ-ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) തീരങ്ങളിൽ 24/05/2025 രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

24/05/2025 രാത്രി 8.30 മുതൽ 25/05/2025 രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

റെഡ് അലർട്ട്

25/05/2025 പകൽ 11.30 മുതൽ രാത്രി 8.30 വരെ: കണ്ണൂർ-കാസറഗോഡ് (വളപട്ടണം മുതൽ ന്യൂമാഹി വരെ & കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരങ്ങളിൽ 3.2 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ നാളെ (24/05/2025) രാവിലെ 05.30 വരെ 1.4 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം