
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശിയും അന്വേഷണ കമ്മീഷൻ അംഗം മന്ത്രി എ.കെ.ബാലനും ഇന്ന് വൈകീട്ട് വേദി പങ്കിടും. മണ്ണാർക്കാട്ട്, സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്ന പ്രവർത്തകർക്കുളള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക.
അടുത്ത മാസം ഷൊറണൂരിൽ കാൽനട പ്രചരണ ജാഥയിൽ പി കെ ശശി ക്യാപ്റ്റനാവുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ രംഗത്തുള്ളപ്പോഴാണ് ശശിയെ പൊതുവേദിയില്‍ എത്തികാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്. പി.കെ.ശശിക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗമായ പെൺകുട്ടി നൽകിയ ലൈംഗിക പീഡന പരാതിയിൽ ശശിക്കനുകൂലമായ നടപടിയെന്നാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്ന ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷൻ അംഗവും ആരോപണ വിധേയനും വേദി പങ്കിടുന്നത്.
തച്ചമ്പാറയിൽ സിപിഐ വിട്ടുവരുന്ന പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എ കെ ബാലനാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രകടനത്തിലും പി കെ ശശിയും എ കെ ബാലനും മുഴുവൻ സമയവും പങ്കെടുക്കുമെന്നാണ് നോട്ടീസിലുളളത്. പാർട്ടി അന്വേഷണം നേരിടുന്നുണ്ടെങ്കിലും ശശിയും അന്വേഷണ കമ്മീഷൻ അംഗവും വേദി പങ്കിടുന്നതിൽ തെറ്റില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
അന്വേഷണ റിപ്പോർട്ട് വരും വരെ ശശി കുറ്റക്കാരനല്ലെന്നും ഇതുവരെ ഒരുപരിപാടിക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മറ്റിയിൽ പി കെ ശശിയും എ കെ ബാലനും ഒരുമിച്ച് വേദിയിലെത്തുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു.
ശശി പങ്കെടുത്താൽ പ്രതിഛായക്ക് കോട്ടം തട്ടുമെന്നുവരെ നേതാക്കൾ നിലപാടെടുത്തു. എന്നാൽ ശശിയെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണെന്നും ഇതിൽ തെറ്റായി ഒന്നുമില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. അടുത്ത മാസം ഷൊറണൂരിൽ കാൽനട പ്രചരണ ജാഥയിൽ പി കെ ശശി ക്യാപ്റ്റനാവുന്നതിനെതിരെ ഇപ്പോൾത്തന്നെ പ്രവർത്തകർ എതിർപ്പുന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam