
തിരുവനന്തപുരം: കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വെട്ടി മാറ്റേണ്ടത് സാധാരണക്കാരന്റെ നെഞ്ചത്തേക്ക് കയറുന്ന ചിലരുടെ ഹുങ്കും അഹങ്കാരവുമാണ്. നഷ്ടപരിഹാരം ഈടാക്കേണ്ടത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നല്ല. ഈ ക്രൂരകൃത്യം ചെയ്തവരിൽ നിന്നും ചെയ്യിപ്പിച്ചവരിൽ നിന്നും അത് ഈടാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യം ഉന്നയിച്ചു. അതേസമയം, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഈ വിഷയത്തിൽ മറുപടിയും നൽകി.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
ഓഗസ്റ്റ് മാസം നാലാം തീയതി 12.56 നു ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഇടുക്കി – കോതമംഗലം 220 കെ വി വൈദ്യുതി ലൈന്‍ തകരാറിലായി. തുടര്‍ന്ന് കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കാവുംപുറത്ത് കെ ഓ തോമസിന്റെ കൃഷി സ്ഥലത്തെ ചില വാഴകള്‍ക്ക് തീ പിടിച്ചതായി കണ്ടെത്തി. വാഴയുടെ ഇലകള്‍ ലൈനിന് സമീപം എത്തിയത് മൂലമാകാം അതെന്ന് മനസ്സിലായിരുന്നു. കൂടാതെ, സമീപവാസിയായ അമ്മിണി രാഘവന്‍ എന്ന സ്ത്രീയ്ക്ക് വൈദ്യുത ഷോക്ക് ഏറ്റതായും അറിയാന്‍ കഴിഞ്ഞു.
220 കെ വി ലൈന്‍ ട്രിപ്പ് ആയ സമയത്താണ് ഈ അപകടം നടന്നതെന്ന് മനസ്സിലാകുന്നു. അപകട സാധ്യത ഒഴിവാക്കേണ്ടതുള്ളതിനാലും സുപ്രധാനമായ പ്രസ്തുത ലൈന്‍ വൈകുന്നേരം ആറു മണിക്ക് മുന്‍പേ തന്നെ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും, ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ വെട്ടിമാറ്റാന്‍ നിര്‍ബന്ധിതരായി. ഉടമസ്ഥന്റെ വീട് ഈ കൃഷി സ്ഥലത്തിനോട് ചേര്‍ന്ന് അല്ലാതിരുന്നതിനാല്‍, നേരിട്ട് അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കുന്നു.
വൈദ്യുതി ലൈനുകളില്‍ നിന്നും പാലിക്കേണ്ട അകലം കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. 220 കെ വി ലൈനിന് ഭൂ നിരപ്പില്‍ നിന്നും നിയമാനുസരണം വേണ്ട അകലം 7.02 മീറ്റര്‍ ആണെന്നിരിക്കെ, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ, എറണാകുളം നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 7.8.23 ന് പരിശോധന നടത്തിയപ്പോള്‍, പ്രസ്തുത ലൈനിന് ഭൂ നിരപ്പില്‍ നിന്നും 7.46 മീറ്റര്‍ അകലം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 220 കെ വി ലൈനിനടിയില്‍ അധികം അധികം ഉയരം വയ്ക്കാത്ത കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ വാരപ്പെട്ടിയില്‍ നട്ടിരുന്നത് ഉയരം കൂടിയ ഇനത്തില്‍ പെട്ട വാഴയായിരുന്നു.
വൈദ്യുതി വിശ്വസ്തനായ സുഹൃത്താണ്, ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ അപകടകാരിയും ആണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
പരാതി ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ കൃഷി വകുപ്പ് മന്ത്രി എന്നെ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ പ്രസരണ വിഭാഗം ഡയറക്റ്ററോട് വിഷയം പരിശോധിച്ച് അടിയന്തിര റിപ്പോര്‍ട്ട് തരാനായി നിര്‍ദ്ദേശിച്ചു. കോതമംഗലം എം എല്‍ എ ആന്റണി ജോണും ഇന്നലെ തന്നെ കത്ത് തന്നിരുന്നു.
വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നതും, കര്‍ഷകനെ അറിയിക്കാന്‍ പറ്റിയില്ല എന്ന വസ്തുതയും, കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പുമായി കൂടി ആലോചിച്ച് കര്‍ഷകന് ഉചിതമായ ധന സഹായം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam