
കൊല്ലം: മാതാപിതാക്കൾ നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിന്‍റെ വൈദ്യുതി കുടിശ്ശിക തീര്‍ത്ത് ലൈൻമാൻ. കൊല്ലം ചവറയിലെ ലൈൻമാനായ റെനീസാണ് വീടിന്റെ വൈദ്യുതി ബിൽ അടച്ച് രണ്ട് വിദ്യാര്‍ത്ഥികൾ മാത്രമുള്ള കുടുംബത്തിന് വെളിച്ചമായത്. പന്മന വടക്കുംതല സ്വദേശിയാണ് റെനീസ്. വൈദ്യുതിൽ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് റെനീസ് എത്തിയത്. വീട്ടിലെത്തിയപ്പോഴാണ് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ ഒറ്റയ്ക്കാണ് ഇവിടെ കഴിയുന്നതെന്ന് മനസ്സിലായത്. തുടർന്ന് വൈദ്യുതിൽ ബിൽ അടച്ചതോടൊപ്പം 5000 രൂപ അഡ്വാൻസ് തുക അടച്ചാണ് റെനീസ് മടങ്ങിയത്.
രണ്ടുവര്‍ഷം മുമ്പാണ് ശ്രീലക്ഷ്മിക്കും ശ്രീജിത്തിനും അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി ശ്രമിക്കുന്ന ശ്രീലക്ഷ്മിയും പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീജിത്തിനും ആകെയുള്ള അത്താണി വല്യച്ഛനാണ്. വൈദ്യുതി കുടിശ്ശിക 900 രൂപയായിരുന്നു. അപകടത്തിൽപ്പെട്ട് വല്യച്ഛൻ കിടപ്പിലായതോടെ വൈദ്യുതി ബിൽ അടക്കാനാകാത്ത സ്ഥിതി. ഇതിനിടയിലാണ് റെനീസ് എത്തുന്നത്. ബിൽ അടയ്ക്കാതായതോടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്നാണ് കുട്ടികൾ കരുതിയത്. എന്നാൽ ബില്ലും അഡ്വാൻസും അടച്ച ജീവനക്കാരനോട് ഇരുവരും നന്ദി പറഞ്ഞു.
വീട്ടുകാർ വൈദ്യുതി ബിൽ അടയ്ക്കാത്തത് ഓഫിസിൽ ചർച്ചയായപ്പോൾ ഒരു വർഷത്തെ ബിൽ താൻ അടയ്ക്കാമെന്ന് പറയുകയായിരുന്നു. ഈ സംഭവം സഹപ്രവർത്തകരാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അതിന് ശേഷം കുട്ടികൾക്ക് നിരവധി പേരിൽ നിന്ന് സഹായവാഗ്ദാനം ലഭിച്ചെന്നും റെനീസ് പറഞ്ഞു. ബിൽ അടയ്ക്കാൻ ബുദ്ധിമുട്ടിയപ്പോൾ കെഎസ്ഇബി ജീവനക്കാർ മുമ്പും സഹായിച്ചിട്ടുണ്ടെന്ന് കുട്ടികളും പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam