
പാലക്കാട്: കനാലിലെ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബി. പാലക്കാട് വണ്ടിത്താവളത്ത് 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആദ്യമായാണ്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലമായ ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്.
മൂലത്തറ ഇടതു കനാലിൽ നിന്ന് ജലചക്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 10 കിലോവാട്ട് മൈക്രോ ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിച്ചത്. തൊട്ടടുത്ത് സ്ഥാപിച്ച വൈദ്യുത പോസ്റ്റിലെ ഗ്രിഡിലുടെ വൈദ്യുതി പ്രസരണം നടത്തും. ഇൻവേർട്ടറിന്റെ സഹായവും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി വിജയിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും. വീടിനു സമീപം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ. 23,60,000 രൂപയാണ് പദ്ധതിയുടെ ചെലവ്. സാങ്കേതിക പരിശോധനകൾക്ക് ശേഷം ഉദ്ഘാടനം നടത്തുമെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam