
മണ്ണാർക്കാട്: മുൻ കെട്ടിടം ഉടമയുടെ വൈദ്യുതി ബിൽ കുടിശികയിൽ ജപ്തി ഭീഷണി നേരിട്ട് നിലവിലെ ഉടമ. മണ്ണാർക്കാട് റോളക്സ് ഹോട്ടൽ ഉടമ കപ്പോടത്ത് ഹംസയോടാണ് 47000 രൂപ കുടിശിക കെട്ടാൻ മണ്ണാർക്കാട് കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ചെറിയ ഹോട്ടലിലെ വരുമാനം കൊണ്ട് ഒരു വിധം കഴിഞ്ഞു പോകുന്ന ഹംസയ്ക്ക് ഇരുട്ടടി ആയാണ് വൈദ്യുതി ബിൽ വന്നിരിക്കുന്നത്.
മുൻ ഉടമ അടയ്ക്കാനുള്ള 30,000 രൂപയും പിഴയും ഉൾപ്പെടെ 47000 രൂപ ഉടൻ അടയ്ക്കണം. ഇല്ലെങ്കിൽ 1.15 ലക്ഷം രൂപ കുടിശിക വരുത്തിയതിന് ജപ്തി നടപടി നേരിടേണ്ടി വരുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വ്യക്തത വരുത്താൻ ഹംസയുടെ മകൻ ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചു. 1982 ലാണ് കൃഷ്ണപ്പൻ ചെട്ടിയാരുടെ പക്കൽ നിന്ന് ഹംസ കെട്ടിടം വാങ്ങിയത്. ഇതിനു ശേഷം പുതുതായി വയറിങ് നടത്തി വൈദ്യുതി കണക്ഷൻ ഹംസയുടെ പേരിലേക്ക് മാറ്റി.
അന്നു മുതൽ ഒരു ബിൽ പോലും കുടിശിക വരുത്തിയിട്ടില്ല. കുടിശികയുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുമില്ല. പിന്നെ എങ്ങനെ 47000 രൂപ കുടിശിക അടയ്ക്കാൻ അധികൃതർ ആവശ്യപ്പെടുകയെന്നാണ് ഹംസ ചോദിക്കുന്നത്. അതേ സമയം ഉടമ മാറിയെങ്കിലും ഇതേ കൺസ്യൂമർ നമ്പരിലെ കുടിശികയാണ് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam