കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച അന്ത്യഅത്താഴത്തിന്റെ വികലമായ ചിത്രീകരണത്തിനെതിരെ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി രംഗത്ത്. മതസൗഹാർദം തകർക്കുന്ന ഈ നടപടി പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കേരള കോൺ​ഗ്രസ് എം നേതാവായ ജോസ് കെ. മാണി രം​ഗത്ത്. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു. ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണം. രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ജില്ലാ കലക്റ്റർക്കും പരാതി ലഭിച്ചു. ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ചൂണ്ടിക്കാട്ടി ജില്ലാ കളക്റ്റർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചതെന്നാണ് പരാതി.

ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പ്

രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽ പെട്ടു. ഇത്തരത്തിലുള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിന് വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.