കാസർകോട് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

By Web TeamFirst Published Aug 8, 2020, 4:34 PM IST
Highlights

ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വൈദ്യുത പോസ്റ്റിൽ ജോലിക്കിടെ പ്രദീപിന് ഷോക്കേറ്റത്. 

കാസർക്കോട്: കാസർകോട് കനത്ത മഴ തുടരുന്നു. സീതാംഗോളിയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വൈദ്യുത പോസ്റ്റിൽ ജോലിക്കിടെ പ്രദീപിന് ഷോക്കേറ്റത്. കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴയും, ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. കയ്യൂർ,കരിന്തളം,ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി തേജസ്വനി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു. 

നിലവിൽ ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതോടെ തളങ്കര കൊപ്പലിൽ വീടുകളിൽ വെള്ളം കയറി. അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തേജസ്വിനി പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നുണ്ടെന്നും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.   ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ രാത്രി കാലങ്ങളില്‍ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെത്തുടർന്ന് മൂത്താടി കോളനിയിലെ അഞ്ചേ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

click me!