
പീരുമേട്: കെ എസ് ഇ ബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടർന്ന് ഇടുക്കിയിലെ പീരുമേട്ടിൽ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങിയത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡറിന്‍റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര മൂലം മണിക്കൂറുകളോളം ഇരുട്ടിൽ കഴിയേണ്ടി വന്നത്.
ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടിൽ മഴ ശക്തമായി. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയിൽ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഉൾപ്പെടെ വൈദ്യുതിയില്ലാതായി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടർന്ന് നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയിരിക്കുന്നു എന്നായിരുന്നു മറുപടി ലഭിച്ചതെന്നാണ് ഫോൺ വിളിച്ച സ്ഥലത്തെ പൊതു പ്രവർത്തകൻ ടി എം ആസാദ് വ്യക്തമാക്കിയത്.
പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിത സബ് എൻജീനിയറുടെയും, പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജീനിയറുടെ നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണുണ്ടായിരുന്നത്. തുടർന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. വൈദ്യുതി ഇല്ലാതായത് അറിഞ്ഞിട്ടും പരിഹരിക്കാൻ ശ്രമിക്കാതെ ഉദ്യോഗസഥർ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോർഡിൽ നിന്നു അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് പീരുമേട് അസിസ്റ്റൻറെ എക്സിക്യൂട്ടീവ് എൻജിനീയറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam