
ആലപ്പുഴ: വായ്പ എടുക്കാനായി അയൽവാസി ഹാജരാക്കിയ ഭൂമി രേഖകൾ സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി 30 ലക്ഷം രൂപ തട്ടി റിമാൻഡിലായ കെഎസ്എഫ്ഇ ജീവനക്കാരനെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തുതുടങ്ങി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തു ഉടമ തന്നെ കെഎസ്എഫ്ഇയിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കുകയും ഒപ്പിട്ട് നൽകുകയുമായിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞത്. കെഎസ്എഫ്ഇ ആലപ്പുഴ അസിസ്റ്റന്റ് ജനറൽ ഓഫിസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് കൂരുവേലിച്ചിറയിൽ എസ് രാജീവിനെയാണ് അറസ്റ്റുചെയ്തിരുന്നത്.
കെഎസ്എഫ്ഇ ജീവനക്കാരുടെ സംഘടന (സി ഐ ടി യു) യുടെ മുൻ സംസ്ഥാന നേതാവാണ് രാജീവ്. അയൽവാസിയായ കുരുവേലിച്ചിറയിൽ എൻ. സുമയുടെ പരാതിയിലാണ് രാജീവിനെ കഴിഞ്ഞദിവസം ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. സമാനമായ തട്ടിപ്പ് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനു കീഴിൽ കലവൂർ ശാഖയിലും രാജീവ് നടത്തിയതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് മണ്ണഞ്ചേരി പോലീസ് രാജീവിനെതിരേ കേസ് രജിസ്റ്റർചെയ്തത്. ഈ കേസിലാണ് ഇപ്പോൾ ചോദ്യംചെയ്യുന്നത്. ഒരുമാസത്തിലേറെ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനിടെ തട്ടിപ്പിന് രാജീവിനെ മറ്റേതെങ്കിലും ജീവനക്കാർ സഹായിച്ചിട്ടുണ്ടോയെന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. തനിച്ച് ഇത്രയും തട്ടിപ്പുകൾ ചെയ്യാൻ കഴിയില്ലെന്നും സഹായം കിട്ടിയിട്ടുണ്ടാവാമെന്നും പോലീസ് പറയുന്നു. ജീവനക്കാരുടെ സംഘടയുടെ സംസ്ഥാന നേതാവാണെന്നതിനാൽ രാജീവിനെ ഭയന്നും ജീവനക്കാർ കാര്യങ്ങൾചെയ്തു നൽകിയിരിക്കാമെന്നും കരുതുന്നുണ്ട്.